ലഹരിക്കടത്തും വിൽപ്പനയും: കുവൈത്തിൽ 18 പേർ പിടിയിൽ
15 കേസുകളിലാണ് പ്രതികൾ പിടിയിലായത്
കുവൈത്ത് സിറ്റി: ലഹരിക്കടത്തും വിൽപ്പനയും നടത്തിയ 18 പേർ കുവൈത്തിൽ പിടിയിലായി. 15 കേസുകളിലായി 18 പേരെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അധികൃതരാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തും വ്യാപാരവും തടയാൻ ലക്ഷ്യമിട്ട് നടക്കുന്ന സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
പ്രതികളുടെ പക്കൽനിന്ന് ഏകദേശം 20 കിലോഗ്രാം മയക്കുമരുന്ന് പദാർത്ഥങ്ങൾ, 11,800 സൈക്കോട്രോപിക് ഗുളികകൾ, ലൈസൻസില്ലാത്ത തോക്കുകൾ, വെടിമരുന്ന് എന്നിവയും മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള വരുമാനവും കണ്ടെത്തി.
ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്സിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. രാസവസ്തുക്കൾ, ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കഞ്ചാവ്, കൊക്കെയ്ൻ, ഹെറോയിൻ എന്നിവയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തും ദുരുപയോഗവും നടത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതികളെയും കണ്ടുകെട്ടിയ സാധനങ്ങളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
സമൂഹത്തെ സംരക്ഷിക്കാനായി മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ പിടികൂടാനുള്ള നിരന്തര ശ്രമങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം ഊന്നൽ നൽകി വരികയാണ്. ലഹരിക്കടത്തും വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാനായി അടിയന്തിര സേവനങ്ങൾ (112) അല്ലെങ്കിൽ നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഹോട്ട്ലൈനിൽ (1884141) പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.