കുവൈത്തിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 5:56ന്
പള്ളികൾക്ക് പുറമേ 57 ഈദ്ഗാഹുകളിലും നമസ്‌കാരം


കുവൈത്ത് സിറ്റി: കുവൈത്തിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 5:56ന് (ജിഎംടി സമയം പുലർച്ചെ 2.56) നടക്കുമെന്ന് കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി വെള്ളിയാഴ്ച പ്രാർഥന നടക്കുന്ന പള്ളികൾക്ക് പുറമേ, 57 ഈദ്ഗാഹുകളിലും നമസ്‌കാരം നടക്കുമെന്നും വ്യക്തമാക്കി.
ഈദ് പ്രാർഥന നടക്കുന്ന പൊതു സ്‌ക്വയറുകൾ, യുവജന കേന്ദ്രങ്ങൾ, സ്പോർട്സ് മൈതാനങ്ങൾ എന്നിവ വ്യക്തമാക്കുന്ന സർക്കുലർ മന്ത്രാലയത്തിന്റെ മോസ്‌ക് അഫേഴ്‌സ് കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി പുറത്തിറക്കി.
അതേസമയം, കുവൈത്തിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ശരീഅ കമ്മിറ്റി മാർച്ച് 29 ശനിയാഴ്ച വൈകുന്നേരം സുപ്രീം ജുഡീഷ്യൽ കൗൺസിൽ യോഗം ചേരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി ദൃശ്യമായാൽ 25376934 എന്ന നമ്പറിൽ അധികൃതരെ അറിയിക്കാൻ കുവൈത്ത് പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
അതേസമയം, ഈദ് അവധിക്കാലത്ത് കുവൈത്തിൽ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധൻ പറയുന്നത്. 'ഈദ് വസ്ത്രങ്ങൾ വസന്തകാലത്തിനും വേനൽക്കാലത്തിനും ഇണങ്ങുന്നതായിരിക്കണം' കുവൈത്ത് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ എക്‌സ് പോസ്റ്റിൽ പറഞ്ഞു. ഈദിന്റെ മൂന്നാം ദിവസം ചെറിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.