കുവൈത്ത് ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചു

ഇന്ന് രാവിലെ എട്ടിന് ആരംഭിച്ച വേട്ടെടുപ്പ് രാത്രി എട്ടിനാണ് പൂര്‍ത്തിയായത്

Update: 2023-06-06 18:36 GMT
Advertising

കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് അവസാനിച്ചു. ഇന്ന് രാവിലെ എട്ടിന് ആരംഭിച്ച വേട്ടെടുപ്പ് രാത്രി എട്ടിനാണ് പൂര്‍ത്തിയായത്. വോട്ടെടുപ്പ് പ്രമാണിച്ച് ഇന്ന് രാജ്യത്ത് പൊതു അവധിയായിരുന്നു. സ്ത്രീകളും വയോജനങ്ങളുമടക്കം ഭൂരിപക്ഷവും വോട്ട് രേഖപ്പെടുത്തി. .15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്.1996 ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സ്ഥാനാർത്ഥികളുടെ എണ്ണമാണിത്. 5 മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുക.

പിരിച്ചുവിടപ്പെട്ട സഭയിലെ 46 അംഗങ്ങളും നിരവധി മുൻ എംപിമാരും മത്സര രംഗത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.118 കേന്ദ്രങ്ങളിലായാണ് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരുന്നത്. കനത്ത ചൂട് കാരണം ഉച്ച തിരിഞ്ഞാണ് പോളിങ് സ്റ്റേഷനുകളില്‍ തിരക്ക് വര്‍ദ്ധിച്ചത്. എല്ലാ പോളിങ് സ്റ്റേഷനുകളിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. വോട്ടര്‍മാരെ സഹായിക്കുന്നതിനായി ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ബൂത്തുകളും വോട്ടെടുപ്പ് നടന്ന കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു.

പുതിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് കുവൈത്തികള്‍ വോട്ട് ചെയ്യുവാന്‍ എത്തിയത്.തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനും വിലയിരുത്താനുമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 50 ഓളം മാധ്യമപ്രവർത്തകരും കുവൈത്തിലെത്തിയിരുന്നു. 3 വർഷത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. 2020 ലെ പാര്‍ലിമെന്റ് പിരിച്ചുവിടുകയും 2022 സെപ്റ്റംബറിലെ തെരഞ്ഞെപ്പ് ഭരണഘടന കോടതി അസാധുവാക്കുകയും ചെയ്തതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പുലേക്ക് നീങ്ങിയത്. 1961-ൽ രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം 1963-ലാണ് കുവൈത്തിന്റെ ആദ്യ പാർലമെന്റ് രൂപീകരിച്ചത്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News