കുവൈത്തിൽ ജനസംഖ്യയുടെ 68.3 ശതമാനവും പ്രവാസികൾ
പ്രവാസികളിൽ 25 ശതമാനത്തിലധികം ഗാർഹിക തൊഴിലാളികളാണ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തില്‍ വർധന. ജനസംഖ്യയുടെ 68.3 ശതമാനവും പ്രവാസികളാണ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
പ്രവാസികളിൽ 25 ശതമാനത്തിലധികം ഗാർഹിക തൊഴിലാളികളാണ്. കുവൈത്ത് പൗരന്മാരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശികളുടെ എണ്ണം കൂടുകയാണ്. ഏകദേശം 3.29 ദശലക്ഷമാണ് കുവൈത്തിലെ പ്രവാസികളുടെ എണ്ണം.
ജനസംഖ്യാ വളർച്ചാ നിരക്ക് 2005ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്കനുസരിച്ച് 4.793 ദശലക്ഷമായിരുന്നു കുവൈത്തിലെ ജനസംഖ്യ.
കുവൈത്തി പൗരന്മാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 1.9 ശതമാനം വർധിച്ച് 15.30 ലക്ഷത്തിലെത്തി.
സ്വദേശികളിൽ 32.3 ശതമാനം പേരും 15 വയസ്സിന് താഴെയുള്ള വ്യക്തികളാണ്. ജനസംഖ്യയുടെ 4.9 ശതമാനവും പ്രായമായ സ്വദേശി പൗരന്മാരാണ്.
രാജ്യത്ത് വിദേശികളുടെ എണ്ണം കൂടാൻ പ്രധാന കാരണം ഗാർഹിക തൊഴിലാളികളുടെ വർധനവാണ്.
ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 16 ശതമാനം വാർഷിക വർധനവാണ് ഉണ്ടായത്. നിലവില്‍ രാജ്യത്തെ മൊത്തം പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.