കുവൈത്തിൽ ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പതിവാകുന്നു
വാക്‌സിനേഷന്റെ പേരിൽ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് എന്ന വ്യാജേന മൊബൈൽ ഫോണിലേക്ക് വിളിച്ച് വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്ന സംഭവങ്ങളും നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
കുവൈത്തിൽ ഡിജിറ്റൽ സിവിൽ ഐഡിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പതിവാകുന്നുവെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി രംഗത്തുവന്നു. മൊബൈൽ ആപ്പിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.
സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡി ആപ്പിന്റെ പേരിലാണ് വ്യാജ എസ്.എം.എസ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ആപ്പ് കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതുക്കാൻ വ്യക്തിഗത വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് സന്ദേശം വരുന്നത്. ഇത്തരത്തിൽ സന്ദേശം ആർക്കും അയച്ചിട്ടില്ലെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങളിൽ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ പറഞ്ഞു. വാക്‌സിനേഷന്റെ പേരിൽ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് എന്ന വ്യാജേന മൊബൈൽ ഫോണിലേക്ക് വിളിച്ച് വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്ന സംഭവങ്ങളും നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പു സംഘങ്ങളാണ് ഇത്തരം വ്യാജ സന്ദേശങ്ങൾക്ക് പിന്നിലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.