ഭിന്നതയെ തുടർന്ന് മാറ്റിവെച്ച കുവൈത്ത് കെ.എം.സി.സി ജില്ലാ കമ്മറ്റി ഭാരവാഹി പ്രഖ്യാപനം നടന്നു
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്
കുവൈത്ത് സിറ്റി: ഭിന്നത രൂക്ഷമായതിനെ തുടർന്ന് മാറ്റിവെച്ചിരുന്ന കുവൈത്ത് കെ.എം.സി.സി ജില്ലാ കമ്മറ്റി ഭാരവാഹി പ്രഖ്യാപനം നടന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ എന്നീ ജില്ലകളിലെ ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് നേതൃത്വമാണ് കമ്മിറ്റികളെ പ്രഖ്യാപിച്ചത്. കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി അജ്മൽ വേങ്ങരയും, ജനറൽസെക്രട്ടറിയായി ഹംസ കരിങ്കപാറയേയും നിയമിച്ചു. ഫിയാസ് പുകയൂരാണ് ട്രഷറർ.
കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി ഹബീബുള്ള മുറ്റിച്ചൂരിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദലിയേയും അസീസ് പാടൂറിനെ ട്രഷററായും പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ല പ്രസിഡണ്ടായി അസീസ് തിക്കോടിയേയും ജനറൽ സെക്രട്ടറിയായി അസീസ് പേരാമ്പ്രയേയും നിയോഗിച്ചു. കണ്ണൂർ പ്രസിഡണ്ടായി നാസർ തളിപ്പറമ്പിനേയും, നവാസിനെ ജനറൽ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി നിയമിച്ചു.
കെ.എം.സി.സിയിൽ രൂപപ്പെട്ട പ്രസിഡന്റ്, ജനറൽ സെക്രട്ടറി വിഭാഗങ്ങളുടെ രൂക്ഷമായ ഭിന്നതയിൽ നാല് ജില്ല കമ്മിറ്റികളുടെ രൂപവത്കരണം നീണ്ടുപോവുകയായിരുന്നു. തുടർന്ന് കമ്മിറ്റി രൂപവത്കരണത്തിനായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിൻറെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം കുവൈത്തിലെത്തിയിരുന്നു. എന്നാൽ, യോഗം കൈയാങ്കളിയിൽ സമാപിച്ചതോടെ ചർച്ച വഴിമുട്ടുകയായിരുന്നു.
കൈയാങ്കളിയുടെ പശ്ചാത്തലത്തിൽ ജനറൽ സെക്രട്ടറിയേയും മറ്റു ഭാരവാഹികളെയും മുസ്‌ലിം ലീഗ് നേതൃത്വം സസ്‌പെൻഡ് ചെയ്തു. തുടർന്ന് കുവൈത്തിലെ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ലീഗ് നേതൃത്വം തന്നെ കെ.എം.സി.സിയിൽ ഒഴിവുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെയാണ് നാലു ജില്ല കമ്മിറ്റികളെയും നിശ്ചയിച്ചത്.