കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
സുരക്ഷാ ഉദ്യോഗസഥരുടെ വസ്ത്രങ്ങളും ചിഹ്നങ്ങളും അണിഞ്ഞ് ഫോണിൽ വീഡിയോ കോൾ വിളിച്ചാണ് സംഘം ഇരകളെ വീഴ്ത്തുന്നത്
കുവൈത്ത് സിറ്റി: കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പു നടത്തുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുരക്ഷാ ഉദ്യോഗസഥരുടെ വസ്ത്രങ്ങളും ചിഹ്നങ്ങളും അണിഞ്ഞ് ഫോണിൽ വീഡിയോ കോൾ വിളിച്ചാണ് സംഘം ഇരകളെ വീഴ്ത്തുന്നത്.
ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നാണെന്ന ധാരണയിൽ ഇവരെ വിശ്വസിച്ച് ബാങ്ക് വിവരങ്ങളും ഒ.ടി.പികളും കൈമാറുന്നവർക്ക് പണം നഷ്ടപ്പെടും. ഇത്തരം വഞ്ചനാപരമായ സംഘങ്ങളുടെ കെണിയിൽ വീഴരുതെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം കാളുകൾ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. സംശയാസ്പദമായ കോളുകൾ ലഭിക്കുമ്പോൾ അധികാരികളെ അറിയിക്കാനും മന്ത്രാലയം പൊതു ജനങ്ങളോട് അഭ്യർഥിച്ചു.