കുവൈത്തിൽ ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് ഒക്ടോബർ ഒന്നു മുതൽ ഹെൽത്ത് ഫിറ്റ്നസ് കാർഡ് നിർബന്ധം
ബൈക്കിൽ ഭക്ഷ്യവസ്തുക്കൾ ഡെലിവറി ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിബന്ധന ബാധകമാണ്.
കുവൈത്തിൽ ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് ഒക്ടോബർ ഒന്നു മുതൽ ഹെൽത്ത് ഫിറ്റ്നസ് കാർഡ് നിർബന്ധമാക്കുന്നു. ഫുഡ് ഡെലിവറി കമ്പനികൾക്കുള്ള പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം.
രാജ്യത്തെ ഫുഡ് ഡെലിവറി സർവീസുകൾക്ക് പ്രത്യേക പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ വകുപ്പ് തലവന്മാർ യോഗം ചേർന്നിരുന്നു. വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് ഡെലിവറി വാഹങ്ങളുടെ ഡ്രൈവർമാർക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ഫിറ്റ്നസ് കാർഡ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.
ബൈക്കിൽ ഭക്ഷ്യവസ്തുക്കൾ ഡെലിവറി ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിബന്ധന ബാധകമാണ്. ഡെലിവറി തൊഴിലാളികൾ കമ്പനിയുടെ സ്പോണ്സര്‍ഷിപ്പില്‍ ആയിരിക്കണം, കുവൈത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ ഡെലിവറി വാഹനങ്ങളിൽ കമ്പനിയുടെ സ്റ്റിക്കർ പതിച്ചിരിക്കണം , ബൈക്കായാലും കാറായാലും ഡെലിവറി ചെയ്യുന്ന ആൾ യൂണിഫോമിൽ ആയിരിക്കണം എന്നിവയാണ് പെരുമാറ്റച്ചട്ടത്തിലെ മറ്റു നിബന്ധനകൾ. ഒക്ടോബർ ഒന്ന് മുതലാണ് നിബന്ധനകൾ പ്രാബല്യത്തിലാവുക.
പെരുമാറ്റച്ചട്ടത്തിലെ നിർദേശങ്ങൾ കർശനമായിപാലിക്കണമെന്നു കമ്പനി ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു, നിബന്ധനകൾ ലംഘിക്കുന്ന കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി