ക്രിക്കറ്റ് ലോകകപ്പ് ട്രോഫി കുവൈത്തിൽ; ഇന്ന് ആരാധകർക്ക് കാണാം
ട്രോഫി നാളെ ബഹ്‌റൈനിലേക്ക് കൊണ്ടുപോകും
കുവൈത്ത് സിറ്റി: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ട്രോഫി കുവൈത്തിലെത്തി. ഒക്ടോബറിൽ ഇന്ത്യയിൽ നടക്കു ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന പര്യടനത്തിന്റെ ഭാഗമയാണ് ട്രോഫി കുവൈത്തിലെത്തിച്ചത്. നാളെ ട്രോഫി ബഹ്‌റൈനിലേക്ക് കൊണ്ടുപോകും. ഇന്ത്യയിൽ ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങും മുമ്പ് 18 രാജ്യങ്ങൾ ചുറ്റുന്ന ഈ ട്രോഫി ബംഗ്ലാദേശിൽ നിന്നാണ് കുവൈത്തിൽ എത്തിയത്.
റാഡിസൺ ബ്ലൂ ഹോട്ടലിൽ കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ഐ.സി.സി പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ എന്നിവർ ചേർന്ന് ട്രോഫിയെ വരവേറ്റു. ക്ഷണിക്കപ്പെട്ട അതിഥികൾക്കുമാത്രമായിരുന്നു ഹോട്ടലിൽ പ്രദർശനം. എന്നാൽ, ഇന്ന് സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ വൈകീട്ട് അഞ്ചു മുതൽ ക്രിക്കറ്റ് ആരാധകർക്കായി ട്രോഫി പ്രദർശിപ്പിക്കും. കുവൈത്തിലെ പ്രധാനകേന്ദ്രങ്ങളായ ഗ്രാൻഡ് മോസ്‌ക്, കുവൈത്ത് ടവർ, ജാബിർ ബ്രിഡ്ജ്, സൂഖ് ഷർകിയ എന്നിവിടങ്ങളിലും ഇന്ന് ട്രോഫി എത്തിക്കാൻ പദ്ധതിയുണ്ട്. വിവിധ രാജ്യങ്ങൾ ചുറ്റുന്ന ട്രോഫിക്ക് ഗൾഫിൽ കുവൈത്തിന് പുറമെ ബഹ്‌റൈനിലാണ് മറ്റൊരു സ്വീകരണ കേന്ദ്രമുള്ളത്. കുവൈത്തിലെ പര്യടനം പൂർത്തിയാക്കി നാളെയും മറ്റന്നാളും ലോകകപ്പ് ബഹ്‌റൈനിലുണ്ടാകും.
ICC ODI Cricket World Cup Trophy in Kuwait; Fans can watch today