താമസക്കെട്ടിടങ്ങള്‍ക്കകത്ത് നിയമവിരുദ്ധ പ്രവര്‍ത്തനം; വാച്ചര്‍മാരെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്തില്‍ താമസക്കെട്ടിടങ്ങള്‍ക്കകത്ത് മദ്യനിര്‍മ്മാണം പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ വാച്ചര്‍മാരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാച്ചര്‍മാര്‍ താമസക്കാരുടെ പെരുമാറ്റം നിരീക്ഷിക്കുകയും സംശയകരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വാടകക്കെട്ടിടങ്ങള്‍, മദ്യനിര്‍മാണം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അധികൃതരില്‍നിന്ന് മറച്ചുവെക്കുന്നത് ഗുരുതര കുറ്റമാണ്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊലീസില്‍ അറിയിക്കുകയോ വാടകക്കാരനെ ഒഴിവാക്കുകയോ ചെയ്യാന്‍ വാച്ചര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത് ചെയ്യുന്നില്ലെങ്കില്‍ അവര്‍ ഈ പ്രവര്‍ത്തികളുടെ പങ്കാളികളോ ഗുണഭോക്താക്കളോ ആണെന്ന് കണക്കാക്കിയാണ് നാടുകടത്തുകയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യവ്യാപകമായി സുരക്ഷാ പരിശോധന നടക്കുന്നുണ്ട്. ജലീബ് അല്‍ ശുയൂഖില്‍ പൊലീസ് ചെക്‌പോയന്റുകളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ കെട്ടിടങ്ങളില്‍ കയറിയുള്ള പരിശോധനയും വ്യാപകമാക്കാന്‍ നീക്കമുണ്ട്. വിദേശി ഭൂരിപക്ഷ പ്രദേശങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ മദ്യത്തിന് വലിയ പങ്കുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.