കുവൈത്തില്‍ ഭക്ഷണ വിതരണ കമ്പനികള്‍ക്ക് പുതിയ നിബന്ധനകൾ നടപ്പിലാക്കുന്നത് നീട്ടി വെച്ചു.
ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ നിബന്ധനകളാണ് സര്‍ക്കാര്‍ താല്‍ക്കാലികമായി നീട്ടിയത്
കുവൈത്ത് സിറ്റി: ഫുഡ് ഡെലിവറി സർവീസുകൾക്ക് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടി കുവൈത്ത് അഭ്യന്തര മന്ത്രാലയം. ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ നിബന്ധനകളാണ് സര്‍ക്കാര്‍ താല്‍ക്കാലികമായി നീട്ടിയത്.
തയ്യാറെടുപ്പില്ലാതെ ഭക്ഷണ വിതരണ മേഖലയില്‍ പുതിയ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനായി കൂടുതല്‍ സമയപരിധി അനുവദിക്കണമെന്നും ഫുഡ് ഡെലിവറി കമ്പനി പ്രതിനിധികള്‍ സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധങ്ങളും വിതരണം ചെയ്യുന്ന വാഹനങ്ങൾക്കായിരുന്നു ആരോഗ്യമാനദണ്ഡങ്ങൾ നിര്‍ബന്ധമാക്കിയത്. പുതിയ ഉത്തരവോടെ ട്രാഫിക് പെരുമാറ്റച്ചട്ടം അടുത്തവര്‍ഷം ജനുവരി ഒന്ന് മുതലാണ് നടപ്പിലാക്കി തുടങ്ങുക . ഭക്ഷണം വിതരണം ചെയ്യുന്ന ഡ്രൈവർക്ക് ആരോഗ്യ മന്ത്രാലയം നൽകിയ ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണമെന്നാണ് പെരുമാറ്റച്ചട്ടത്തിലെ പ്രധാന വ്യവസ്ഥ.
തൊഴിലാളിയുടെ വിസ ഡെലിവറി കമ്പനിയുടെ പേരിൽ തന്നെ ആയിരിക്കുക, സ്ഥാപനത്തിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിക്കുക, കമ്പനി യൂണിഫോം ധരിക്കുക എന്നിവയാണ് മറ്റ് നിബന്ധനകൾ. കുവൈത്തിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും വിദേശികളാണ്.പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് മൂന്ന് മാസം നീട്ടിയത് മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമായി.