കുവൈത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർധന; ഏറ്റവും കൂടുതൽ ഇന്ത്യക്കാർ
ഗാർഹിക തൊഴിലാളികൾ ഒഴികെ കുവൈത്തിൽ 21. 41 ലക്ഷം തൊഴിലാളികളാണ് ഉള്ളത്
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ 2024 രണ്ടാം പാദത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഗാർഹിക തൊഴിലാളികൾ ഒഴികെ കുവൈത്തിൽ 21. 41 ലക്ഷം തൊഴിലാളികളാണ് ഉള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ 2.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
30.2 ശതമാനവുമായി രാജ്യത്തെ പ്രാദേശിക തൊഴിൽ വിപണയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം ഇന്ത്യക്കാരാണ്.16.2 ശതമാനവുമായി ഈജിപ്തുകാർ രണ്ടാം സ്ഥാനത്തും, 15.4 ശതമാനവുമായി കുവൈത്തികൾ മുന്നാം സ്ഥാനത്തുമാണ്. അതിനിടെ സ്ത്രീ-പുരുഷ തൊഴിലാളികൾക്കിടയിലും, കുവൈത്തി-വിദേശി ജീവനക്കാർക്കിടയിലും വേതനത്തിലെ അസമത്വം നിലനിൽക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സർക്കാർ മേഖലയിൽ പുരുഷ- വനിതാ സ്വദേശി ജീവനക്കാർക്കിടയിൽ 41.8 ശതമാനം വേതന വ്യത്യാസമാണ് നില നിൽക്കുന്നത്.
കുവൈത്തി തൊഴിലാളികളിൽ 3.77 ലക്ഷം പേർ സർക്കാർ മേഖലയിലും 74,100 പേർ സ്വകാര്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. പ്രവാസി തൊഴിലാളികളിൽ 26.9 ശതമാനവും ജോലി ചെയ്യുന്നത് ഗാർഹിക മേഖലയിലാണ്. രാജ്യത്ത് നിലവിൽ 7.86 ലക്ഷം പ്രവാസി തൊഴിലാളികളാണ് ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നത്.