കുവൈത്തില്‍ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വർധനവ്; ഭൂരിപക്ഷവും ഇന്ത്യന്‍ തൊഴിലാളികള്‍
ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെ പ്രവാസി തൊഴിലാളികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായി അധികൃതര്‍
കുവൈത്തിൽ ഏഴ് മാസത്തിനിടെ വിദേശികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോര്‍ട്ട്. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെ പ്രവാസി തൊഴിലാളികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായി അധികൃതര്‍ പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തിലേറെ പ്രവാസികളാണ് രാജ്യത്ത് വര്‍ദ്ധിച്ചത്.ഇതില്‍ ഭൂരിപക്ഷവും വീട്ട് ജോലിക്കാരാണ് . 2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെ സ്വകാര്യ മേഖലയില്‍ 39,000 പ്രവാസികളാണ് ജോലിയില്‍ പുതുതായി പ്രവേശിച്ചത്.
കുവൈത്തിലെ മൊത്തം വിദേശി സമൂഹത്തിലെ തൊഴിലാളികളില്‍ മുപ്പത് ശതമാനവും ഇന്ത്യക്കാരാണ്. തൊട്ടുപിന്നാലെ ഈജിപ്തുകാരും, കുവൈത്തികളും, ഫിലിപ്പൈനുകളും, ബംഗ്ലാദേശി തൊഴിലാളികളുമാണ് ഉള്ളത്. അതേസമയം സ്വദേശി തൊഴിലാളികളുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നാലരലക്ഷം കുവൈത്തികളാണ് പൊതു-സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്.
നേരത്തെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്കനുസരിച്ച് 4.793 ദശലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്.31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം.വിദേശികളിൽ 10 ലക്ഷത്തിലേറെ പേര്‍ ഇന്ത്യക്കാരാണ്.