കുവൈത്തില്‍ ഇന്ത്യന്‍ വനിതാകൂട്ടായ്മക്ക് തുടക്കം
നമസ്തേ കുവൈത്ത് ഗ്രാൻഡ് ഫിനാലെയിൽ ആയിരുന്നു കൂടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ ഇന്ത്യൻ വിമൻസ് നെറ്റ്‌വർക്ക് എന്നപേരിൽ വനിതാകൂട്ടായ്മക്ക് തുടക്കമായി. ഹവല്ലി ആർട്സ് അസോസിയേഷൻ ഹാളിൽ കഴിഞ്ഞ ദിവസം നടന്ന നമസ്തേ കുവൈത്ത് ഗ്രാൻഡ് ഫിനാലെയിൽ ആയിരുന്നു കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
കുവൈത്തിലെ മുഴുവൻ ഇന്ത്യൻ വനിതകളെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ വിമൻസ് നെറ്റ് വർക്കിന് എംബസ്സി രൂപം നൽകിയത് . വിദ്യാഭ്യാസം, ബിസിനസ്സ്, ശാസ്ത്രം,കല, സാഹിത്യം,കായികം തുടങ്ങിയ മേഖലകളിൽ കുവൈത്തിലെ ഇന്ത്യൻ സ്ത്രീ സമൂഹത്തിന്‍റെ കഴിവും ഇടപെടലും പ്രോത്സാഹിപ്പിക്കാൻ പുതിയ പ്ലാറ്റ്ഫോം സഹായകമാകുമെന്ന് ഉദ്‌ഘാടനച്ചടങ്ങിൽ അംബാസിഡർ സിബി ജോർജ് അഭിപ്രായപ്പെട്ടു.
ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാർഷികത്തിന്‍റെ ഭാഗമായി നടന്ന ഗ്രാൻഡ് ഫിനാലെയിൽ സമൂഹത്തിന്‍റെ പല തുറകളിൽ നിന്നുമുള്ള വനിതാ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പുതിയ കൂട്ടായ്മയുടെ പ്രഖ്യാപനം. പതിനൊന്നു ദിവസം നീണ്ടു നിന്ന സംസ്കാരികോത്സവത്തിൽ ചിത്രകാരിയും അംബാസിഡർ സിബി ജോർജിന്‍റെ പത്നിയുമായ ജോയ്‌സ് സിബിയുടെ പെയിന്‍റിങുകളുടെ പ്രദർശനമായിരുന്നു പ്രധാന ആകർഷണം. കാലാതീതമായ ഇന്ത്യയുടെ ദൃശ്യങ്ങൾ എന്ന തലക്കെട്ടിൽ ഒരുക്കിയ ചിത്രപ്രദർശനം കാണാൻ സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നുള്ളവർ എത്തിയിരുന്നു.
ഓരോ ദിവസവും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി. ഗ്രാൻഡ് ഫിനാലെയിൽ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും, വ്യപാര വ്യവസായ മേഖലകളിലെ പ്രമുഖരും കുവൈത്തിലെ പ്രമുഖ ആർട്ടിസ്റ്റുകളും പങ്കെടുത്തു കുവൈത്ത് ആർട്സ് അസോസിയേഷനും ഇന്ത്യൻ എംബസിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്