കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍
രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കുള്ളത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 148 ജോലി സ്ഥലങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെയും നിർമാണ കമ്പനികളെയും കണ്ടെത്താൻ രാജ്യ വ്യാപകമായി ശക്തമായ പരിശോധനയാണ് നടക്കുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ഉത്തരവാദിത്തമുള്ള എല്ലാ തൊഴിലുടമകളും തീരുമാനം പൂർണ്ണമായും പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഉച്ചനേരത്ത് തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റ് ജോലി സ്ഥലങ്ങളിലും അധികൃതര്‍ ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാല് വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കുള്ളത്. ഓഗസ്റ്റ് 31 വരെ നിയന്ത്രണം നിലവിലുണ്ടാവും. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുക. തുടർന്നും നിയമലംഘനം കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 100 ദീനാർ മുതല്‍ 200 ദിനാര്‍ വരെ പിഴ ചുമത്തും. തുടര്‍ന്ന് കമ്പനിയുടെ ഫയല്‍ തുടർ നടപടികൾക്കായി തെളിവെടുപ്പ് വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുക.