റമദാനോടൊപ്പം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടി വിട ചൊല്ലി കുവൈത്ത്
റമദാന്‍ അവസാനിച്ചതോടെ കോവിഡ് നിയന്ത്രണങ്ങളോടു കൂടിയാണ് കുവൈത്ത് വിട ചൊല്ലിയിരിക്കുന്നത്. ഒരിടവേളയ്ക്കുശേഷം ആലിംഗനത്തിനും ഹസ്തദാനത്തിനും വിലക്കില്ലാത്ത പെരുന്നാള്‍ പുലരിയെ ഏറെ ആഹ്ലാദത്തോടെയാണ് കുവൈത്തിലെ സ്വദേശികളും പ്രവാസി സമൂഹവും വരവേറ്റത്.
പുലര്‍ച്ചെ 5.21 നായിരുന്നു പെരുന്നാള്‍ നമസ്‌ക്കാരം. കഴിഞ്ഞ രണ്ടു വര്‍ഷവും പെരുന്നാള്‍ പ്രാര്‍ത്ഥനയ്ക്ക് പള്ളികളില്‍ അകലം പാലിച്ചിരുന്നവര്‍ സഫുകള്‍ക്കിടയില്‍ വിടവില്ലാതെ അണിനിരന്ന കാഴ്ച മനോഹരമായിരുന്നു. നമസ്‌കാരത്തിനും ഖുതുബക്കുമൊടുവില്‍ സ്‌നേഹാശംസകള്‍ കൈമാറിയാണ് വിലക്കുകളില്ലാത്ത ഈദുല്‍ ഫിത്തര്‍ വിശ്വാസികള്‍ ആഘോഷമാക്കിയത്.
46 കേന്ദ്രങ്ങളിലായാണ് ഔകാഫ് ഈദ്ഗാഹുകള്‍ ഒരുക്കിയത്. ഒപ്പം എല്ലാ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. ഇരുപതിലേറെ പള്ളികളില്‍ മലയാളത്തിലാണ് പ്രഭാഷണം നടന്നത്.
കേരള ഇസ്ലാമിക് ഗ്രൂപ്പ് അഞ്ചിടങ്ങളിലും, കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ ഒമ്പതിടങ്ങളിലും ഇന്ത്യന്‍ ഇസ്ലാഹിസെന്റര്‍ രണ്ടു പള്ളികളിലും മലയാളത്തില്‍ ഖുത്തുബ നടത്തി. പ്രാര്‍ത്ഥനക്കെത്തുന്നവര്‍ക്കായി എല്ലായിടത്തും മധുര പലഹാരങ്ങളും ഒരുക്കിയിരുന്നു.