കുവൈത്ത് മന്ത്രിസഭാ രൂപീകരണം; ചർച്ചകൾ പുരോഗമിക്കുന്നു, കിരീടാവകാശി പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തി
അടുത്ത ആഴ്ചയോടെ മന്ത്രിമാരുടെ അന്തിമ ലിസ്റ്റ് തയ്യാറാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ തുടരുന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് മുന്‍ പ്രധാനമന്ത്രിമാരുമായും നിലവിലെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹുമായും കൂടികാഴ്ചകൾ നടത്തി. അടുത്ത ആഴ്ചയോടെ മന്ത്രിമാരുടെ അന്തിമ ലിസ്റ്റ് തയ്യാറാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ദേശീയ അസംബ്ലി മുൻ സ്പീക്കർമാരായ മർസൂഖ് അൽ ഗാനിം, അഹമ്മദ് അൽ സാദൂൻ എന്നിവരുമായി കിരീടാവകാശി ചർച്ച നടത്തിയിരുന്നു. കുവൈത്ത് ഭരണഘടന അനുസരിച്ച് പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നിർദേശിക്കേണ്ടത്. തുടർന്ന് കാബിനറ്റ് അംഗങ്ങൾ അമീറിന് മുന്നിൽ സത്യ പ്രതിജ്ഞ ചെയ്താണ് അധികാരം ഏറ്റെടുക്കുക.മന്ത്രിമാരെ തീരുമാനിക്കുന്നതിനായി രാജ്യത്തെ വിവിധ രാഷ്ട്രീയ ബ്ലോക്കുകളുമായും രാജ കുടുംബത്തിലെ പ്രമുഖരുമായും കൂടിയാലോചനകളും ചർച്ചകളും നടത്തിവരുന്നതായാണ് റിപ്പോർട്ടുകൾ.
ദേശീയ അസംബ്ലി ഫലം പുറത്തുവന്നതിന് പിറകെ ഭരണഘടന ചട്ടങ്ങൾ പ്രകാരം സർക്കാർ രാജിവെച്ചിരുന്നു. നിലവിൽ കാവൽ സർക്കാറായി തുടരുകയാണ്. ദേശീയ അസംബ്ലയുടെ ആദ്യ സമ്മേളനം ഈ മാസം 20 ന് നിശ്ചയിച്ചിട്ടുണ്ട്. ഇതിന് മുമ്പ് മന്ത്രിസഭ രൂപവത്ക്കരണം ഉണ്ടാകും.1962 ജനുവരി 17നാണ് കുവൈത്തിൽ ആദ്യ മന്ത്രിസഭ അധികാരത്തിൽ വന്നത്. ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹ് ആയിരുന്നു പ്രഥമ പ്രധാനമന്ത്രി.