ജിസിസിയിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ നഗരം കുവൈത്ത് സിറ്റി
ദുബൈ ആണ് ജിസിസിയിലെ ഏറ്റവും ചെലവ് കൂടിയ നഗരം
ജിസിസിയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള നഗരമായി കുവൈത്ത് തലസ്ഥാനമായ കുവൈത്ത് സിറ്റി. 139 രാജ്യങ്ങളിലെ നഗര ജീവിതച്ചെലവ് താരതമ്യം ചെയ്ത് നമ്പിയോ വെബ്സൈറ്റ് ആണ് സൂചിക പുറത്തുവിട്ടത്. ദുബൈ ആണ് ജിസിസിയിലെ ഏറ്റവും ചെലവ് കൂടിയ നഗരം.
എല്ലാവർഷവും ജൂലൈയിലാണ് നമ്പിയോ ഇൻഡക്‌സ് ജീവിതച്ചെലവ് സംബന്ധിച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഓരോ നഗരങ്ങളിലെയും നിത്യോപയോഗ സാധനങ്ങളുടെ വില, റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിനും ഗതാഗതത്തിനുമുള്ള ചെലവ് എന്നിവയാണ് പ്രധാനമായി താരതമ്യം ചെയ്യുന്നത്. ലോകത്തെ 139 രാജ്യങ്ങളിൽനിന്നായി 563 നഗരങ്ങളെയാണ് ലിവിങ് കോസ്റ്റ് ഇൻഡക്‌സിൽ പഠനവിധേയമാക്കിയത്.
വീട്ടുവാടക പോലുള്ള കാര്യങ്ങൾ നംബിയോ പരിഗണിക്കാറില്ല. ജിസിസി നഗരങ്ങളിൽ ജീവിതച്ചെലവ് കൂടുതലുള്ള നഗരങ്ങളിൽ ദോഹ, അബൂദബി എന്നിവയാണ് ദുബൈക്ക് തൊട്ടുപിന്നിലുള്ളത്.