കുവൈത്ത് പാര്‍ലിമെന്റ് പിരിച്ചുവിടുന്നു; പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം

Update: 2022-06-22 14:08 GMT
Advertising

കുവൈത്ത് പാര്‍ലിമെന്റായ 'മജ്‌ലിസ് അല്‍ ഉമ്മ' പിരിച്ചു വിടുന്നു. പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹ് ആഹ്വാനം ചെയ്തു.

പാര്‍ലമെന്റും സര്‍ക്കാരും തമ്മിലുള്ള ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് രാജ്യത്തോട് സംസാരിക്കാന്‍ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു.

ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന സ്ചെയ്ത കിരീടാവകാശിയാണ് അമീറിന്റെ തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രത്തിന്റെ സുസ്ഥിരതയും പുരോഗതിയും ലക്ഷ്യം വെച്ച് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ അമീര്‍ തീരുമാനിച്ചതായും ഇതുസംബന്ധിച്ച ഉത്തരവ് വരുന്ന മാസങ്ങളില്‍ ഉണ്ടാകുമെന്നും ശൈഖ് മിശ്അല്‍ പറഞ്ഞു. കുവൈത്തിനെ ശരിയായ ജനാധിപത്യ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ പാര്‍ലമെന്റിലേക്ക് ശരിയായ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈത്ത് മന്ത്രിസഭ രാജിവെച്ച് ഇപ്പോള്‍ കാവല്‍ മന്ത്രിസഭയാണ് തുടരുന്നത്. പാര്‍ലമെന്റുമായുള്ള പ്രശ്‌നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പാര്‍ലമെന്റുമായുള്ള ബന്ധം നന്നാക്കാനായി മന്ത്രിസഭ രാജിവെച്ച് പുനഃസംഘടിപ്പിച്ച ശേഷവും പ്രശ്‌നങ്ങള്‍ തുടരുകയായിരുന്നു. 2020 നവംബറിലാണ് രാജ്യത്ത് അവസാനമായി പൊതു തെരഞ്ഞെടുപ്പ് നടന്നത്. ഇതിനു ശേഷം മൂന്നു തവണ മന്ത്രിസഭ രാജിവെക്കേണ്ടി വന്നു. പാര്‍ലമെന്റും സര്‍ക്കാരും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സംവാദം നടത്തിയിരുന്നു.

അതിന് ശേഷവും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. സര്‍ക്കാരും എം.പിമാരും ഒത്തുപോകാത്ത അവസ്ഥ തുടര്‍ന്നതോടെയാണ് ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി അമീര്‍ നാഷണല്‍ അസംബ്ലി പിരിച്ചു വിടാനുള്ള തീരുമാനം കൈക്കൊണ്ടത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News