കുവൈത്ത് തീപിടിത്തം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എൻ.ബി.ടി.സി മാനേജ്‌മെന്റ്
മരണപ്പെട്ടവരുടെ ആശ്രിതർക്ക് ജോലിയടക്കമുള്ള സഹായങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി: കുവൈത്തിലെ എൻ.ബി.ടി.സി കമ്പനിയുടെ സ്റ്റാഫ് ക്വാർട്ടേഴ്‌സിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രുപ ധനസഹായം പ്രഖ്യാപിച്ച് എൻ.ബി.ടി.സി മാനേജ്‌മെന്റ്. കുടുംബത്തിന്റെ മറ്റു ആവശ്യങ്ങളിലും കമ്പനി കൂടെയുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങൾ, ആശ്രിതർക്ക് ജോലി എന്നിവ കമ്പനി നൽകുമെന്നും അധികൃതർ അറിയിച്ചു.
മരണപ്പെട്ടവരുടെ ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാൻ ഗവൺമെന്റുകളോടും എംബസിയോടും ചേർന്ന് പരിശ്രമിക്കുകയാണെന്നും കമ്പനി അധികൃതർ അറിയിച്ചു. അതേസമയം, തീപിടിത്തത്തിൽ 24 മലയാളികളാണ് മരിച്ചതെന്ന് നോർക്ക അറിയിച്ചു. മരിച്ച പതിനെട്ട് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ആറ് പേർ പത്തനംതിട്ട സ്വദേശികളാണ്.
പത്തനംതിട്ട ജില്ലയിലെ മുരളീധരൻ നായർ, സജു വർ?ഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോസ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ജില്ലയിലെ വിശ്വാസ് കൃഷ്ണ, എന്നിവരാണ് മരണപ്പെട്ടത്.