കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു
മേളയില്‍ നാല് ലക്ഷത്തോളം പേര്‍ പങ്കെടുത്തു
കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 45-ാമത് സെഷൻ സമാപിച്ചു. കഴിഞ്ഞ പത്ത് ദിവസമായി നടന്ന മേളയില്‍ നാല് ലക്ഷത്തോളം പേര്‍ വിവിധ പവലിയനുകൾ സന്ദർശിച്ചതായി എക്‌സിബിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഖലീഫ അൽ റബാഹ് അറിയിച്ചു.
29 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രസാധകാരാണ് പുസ്തകമേളയിൽ പങ്കെടുത്തത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുവർഷമായി നടക്കാതിരുന്ന പുസ്തക മേള ഈ വർഷം വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചത്. വായനക്കാരിൽനിന്നും പ്രസാധകരിൽനിന്നും മികച്ച പ്രതികരണമായിരുന്നു മേളക്ക് ലഭിച്ചത്. പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളും പാനൽ ഡിസ്കഷനും വർക്ഷോപ്പുകളും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
613 സ്‌കൂളുകളിൽ നിന്നായി മുപ്പതിനായിരത്തോളം വിദ്യാര്‍ഥികള്‍, എഴുത്തുകാര്‍, സാഹിത്യകാരന്മാര്‍ , അംബാസഡർമാർ തുടങ്ങിയ നിരവധി പേര്‍ മേളയുടെ ഭാഗമായതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 1975 നവംബർ ഒന്നിനാണ് പ്രദർശനത്തിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. പുസ്തകോത്സവത്തിലൂടെ കുവൈത്തിലെ യുവജനങ്ങൾക്ക് തങ്ങളുടെ രചനകളും കഴിവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ലഭിക്കുന്നതെന്ന് ഖലീഫ അൽ റബാഹ് പറഞ്ഞു. നിരവധി പുതിയ പുസ്തകങ്ങളുടെ പ്രകാശനവും മേളയിൽ നടന്നു.