മരുന്ന് നിർമാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി കുവൈത്ത്
മരുന്നു നിർമാണ രംഗത്തേക്ക് കുവൈത്തും. രാജ്യത്തെ മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഫാർമസ്യൂട്ടിക്കൽ ഫാക്ടറി കുവൈത്തിൽ ആരംഭിക്കുമെന്ന് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പദ്ധതിക്കായി സ്ഥലം ലഭ്യമാക്കുന്നതിനായുള്ള ചർച്ചകൾ ആരോഗ്യ, മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയങ്ങൾ നടത്തി വരികയാണ്. കുവൈത്ത് ഫ്‌ലോർ മിൽസ് കമ്പനിക്ക് സമാനമായി ഷെയർഹോൾഡിങ് കമ്പനിയായി ഫാർമസ്യൂട്ടിക്കൽ ഫാക്ടറി നിർമ്മിക്കാനാണ് ആലോചന. പ്രാദേശികമായ ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങൾ നിറവേറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതോടപ്പം ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റാനും മരുന്നുകളുടെ സ്ഥിരത കൈവരിക്കുവാനും സാധിക്കും.
പ്രാദേശികമായി മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നത് വഴി രാജ്യത്ത് ക്ഷാമം നേരിടുന്ന വിവിധ ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.