കുവൈത്ത് പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
അഞ്ചു നിയോജക മണ്ഡലങ്ങളിൽ നിന്നായി 15 സ്ത്രീകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികളാണ് മാറ്റുരക്കുന്നത്
കുവൈത്ത് ദേശീയ അസംബ്ലിയിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അഞ്ചു നിയോജക മണ്ഡലങ്ങളിൽ നിന്നായി 15 സ്ത്രീകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് വോട്ടെടുപ്പ് .
രാജ്യത്തെ ആറു ഗവർണറേറ്റുകളിലായി നൂറിലേറെ സ്‌കൂളുകളാണ് പോളിംഗ് സ്റ്റേഷനുകളാക്കി മാറ്റിയിരിക്കുന്നത്. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം രാജ്യത്ത് 386,751 പുരുഷന്മാരും 406,895 സ്ത്രീകളും ഉൾപ്പെടെ 793,646 വോട്ടർമാരുണ്ട്. വോട്ടിങ് പൂർത്തിയായതിന് പിറകെ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെടുപ്പ് പ്രമാണിച്ചു ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധിയാണ്.ഒന്നും മൂന്നും മണ്ഡലത്തിൽ 34 പേരും രണ്ടാം മണ്ഡലത്തിൽ 45 പേരും നാലും അഞ്ചും മണ്ഡലത്തിൽ 47 പേര്‍ വീതവുമാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തിനു എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു.
വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെ കർശന നിരീക്ഷണമുണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്നായി അമ്പത് മാധ്യമ പ്രവർത്തകരും തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനായി കുവൈത്തിൽ എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നതിൽ പങ്കാളികളാകാൻ നിരവധി സർക്കാരിതര സംഘടനകൾക്കും (എൻ.ജി.ഒ) മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.