കുവൈത്ത്, ഏറ്റവും ചെലവേറിയ ഗള്‍ഫ് രാജ്യം
ഉപഭോക്തൃ വില സൂചികയിലെ കഴിഞ്ഞ പത്തു വര്‍ഷത്തെ വര്‍ദ്ധനവോടെയാണ് കുവൈത്ത് പട്ടികയില്‍ ഒന്നാമതെത്തിയത്
കുവൈത്ത് സിറ്റി: 2011-2020 വരെയുള്ള കാലയളവില്‍ ജീവിതച്ചെലവ് ഏറ്റവും കൂടിയ ഗള്‍ഫ് രാജ്യമായി കുവൈത്ത് തിരഞ്ഞെടുക്കപ്പെട്ടു. പണപ്പെരുപ്പം, ഉയര്‍ന്ന വില, ചെലവ് എന്നിവ കണക്കാക്കുന്ന ഉപഭോക്തൃ വില സൂചികയിലെ കഴിഞ്ഞ പത്തു വര്‍ഷത്തെ വര്‍ദ്ധനവോടെയാണ് കുവൈത്ത് പട്ടികയില്‍ ഒന്നാമതെത്തിയത്. കൊവിഡ് പാന്‍ഡെമിക്കിന്റെ അനന്തരഫലമായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ കണക്കുകളെല്ലാം കൂടുതല്‍ വര്‍ധിച്ചതായാണ് ഒരുദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. ജീവിതച്ചെലവ് അധികരിച്ചെങ്കിലും, മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ പണപ്പെരുപ്പ നിരക്കിലെ ചാഞ്ചാട്ടം കുറവായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുവൈത്തിലെ പണപ്പെരുപ്പ നിരക്കില്‍ ശരാശരി 2.5 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. സൗദി അറേബ്യയ്ക്ക് തൊട്ടുപിന്നിലായി ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ ഇതേ കാലയളവില്‍ പണപ്പെരുപ്പത്തിലെ ശരാശരി വര്‍ധനവ് ഏകദേശം 1.7 ശതമാനം മാത്രമായിരുന്നു. ഇതേ കാലയളവില്‍ ജീവിതച്ചെലവിന്റെ കാര്യത്തില്‍ ബഹ്‌റൈന്‍ (1.5%), യുഎഇ (1.2%), ഖത്തര്‍ (1.1%), ഒമാന്‍ (1%) എന്നീ രാജ്യങ്ങളാണ് കുവൈത്തിനും സൗദിക്കും പിറകിലായി വരുന്നത്.