കുവൈത്തിലെ പൊലീസുകാരുടെ കൈയില്‍ ഇനി കുരുമുളക് സ്പ്രേയും
കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ജൂലായിൽ ട്രാഫിക്ക് പൊലീസുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവമാണ് പൊലീസുകാരുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്
കുവൈത്തിൽ പൊലീസുകാർക്ക് സ്വയരക്ഷക്കായി കുരുമുളക് സ്പ്രേ ഉപയോഗിക്കാൻ അനുമതി. പട്രോളിംഗ് ഡ്യൂട്ടിക്ക് പോകുന്ന എല്ലാ പൊലീസുകാർക്കും സർവീസ് പിസ്റ്റലിനു പുറമെ പെപ്പർ സ്പ്രേ കൂടി ലഭ്യമാക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം.
പട്രോൾ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് പെപ്പർ സ്പ്രേ ലഭ്യമാക്കാനുള്ള നിർദേശത്തിനു ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. അന്താരാഷ്‌ട്ര കമ്പനികളിൽ നിന്നു ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം .
വളരെ അനിവാര്യ ഘട്ടത്തിൽ മാത്രം ഉപയോഗിക്കാനാണ് താരതമ്യേന അപകടം കുറഞ്ഞ ആയുധം എന്ന നിലയിൽ കുരുമുളക് സ്പ്രേ ലഭ്യമാക്കുന്നത്. കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ജൂലായിൽ ട്രാഫിക്ക് പൊലീസുകാരൻ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവമാണ് പൊലീസുകാരുടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. പെപ്പർ സ്പ്രേ , സ്ടൺ ഗൺ എന്നിവ ഉപയോഗിച്ച് അക്രമികളെ കീഴ്പ്പെടുത്തുന്നതിലൂടെ ജീവഹാനി ഒഴിവാക്കാനാകുമെന്നാണ് മന്ത്രാലയത്തിന്‍റെ കണക്കു കൂട്ടൽ.