ഗോതമ്പ് ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യയുമായി നയതന്ത്ര നീക്കത്തിനൊരുങ്ങി കുവൈത്ത്
ഗോതമ്പ് ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യയുമായി നയതന്ത്ര നീക്കം നടത്താനൊരുങ്ങി കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരിയാന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി ഉടന്‍ കൂടിക്കഴ്ച നടത്തുമെന്ന് അല്‍ റായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
വാണിജ്യ മന്ത്രാലയമാണ് ഗോതമ്പ് കയറ്റുമതി വിലക്കില്‍നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ നയതന്ത്ര നീക്കം നടത്തുന്നത്. ചില രാജ്യങ്ങള്‍ക്ക് ഇന്ത്യ കയറ്റുമതി നിരോധനത്തില്‍ ഇളവ് നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന വാണിജ്യ-വ്യാപാര ബന്ധം മുന്‍നിര്‍ത്തി ഇളവ് സാധ്യമാക്കാനാണ് കുവൈത്തിന്റെ നീക്കം. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള വാണിജ്യമന്ത്രാലയത്തിന്റെ പരി ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുളളറിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ റേഷന്‍ കാര്‍ഡ് വഴി കുവൈത്ത് പൗരന്മാര്‍ക്ക് നല്‍കിവരുന്ന ശീതീകരിച്ച കോഴിയിറച്ചിയുടെ അളവ് മന്ത്രാലയം വര്‍ധിപ്പിച്ചു. വിപണിയില്‍ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് മൂന്നു കിലോ ചിക്കന്‍ വീതം നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചത്. നേരത്തെ ഒരാള്‍ക്ക് രണ്ട് കിലോ വീതമായിരുന്നു റേഷന്‍ വഴി നല്‍കിയിരുന്നത്. കുവൈത്ത് പൗരന്മാര്‍ക്ക് കോഴി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള അധിക ചെലവ് വാണിജ്യമന്ത്രാലയമാണ് വഹിക്കുന്നത്.