കുരങ്ങുപനി പരിശോധനാ കിറ്റുകൾ രാജ്യത്തെത്തിതായി കുവൈത്ത്
രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല
കുവൈത്ത് സിറ്റി: കുരങ്ങു പനി സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ കിറ്റുകൾ രാജ്യത്തെത്തിതായി കുവൈത്ത് ആരോഗ്യമന്ത്രാലയം. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും വ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. യുഎഇ, മൊറോക്കോ, ലെബനൻ എന്നീ അറബ് രാജ്യങ്ങളിൽ ഉൾപ്പെടെ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.
അയൽ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രാലയം രാജ്യത്തെ സ്ഥിഗതികൾ നിരീക്ഷിച്ചു വരികയാണ്. ഇതുവരെ രാജ്യത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷണങ്ങൾ പ്രകടമാവുന്ന സന്ദർഭത്തിൽ ഏറ്റവും വേഗത്തിൽ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാനും രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് നിർദേശിച്ചിട്ടുണ്ട്.
സംശയമുള്ള ആളുകളെ പരിശോധിക്കുന്നതിനായി പിസിആർ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ചെയ്തത് പോലെ വ്യാപകമായി പരിശോധന നടത്തില്ല. അത്യാവശ്യമായ സന്ദർഭങ്ങളിലും രോഗിയുമായി ബന്ധപ്പെടുന്ന മറ്റുള്ളവർക്കും മാത്രമേ കിറ്റ് നൽകൂ. മുൻകരുതൽ എന്ന നിലയിൽ മങ്കിപോക്‌സ് സംശയിക്കുന്നവർക്കും ചികിത്സയിലുള്ളവർക്കുമായി ഐസൊലേഷൻ വാർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു