തുർക്കിയിലേക്ക് കുവൈത്ത് കൂടുതൽ ദുരിതാശ്വാസ സഹായം അയച്ചു
ഭൂകമ്പത്തെത്തുടർന്ന് വലിയ പ്രയാസങ്ങൾ നേരിടുന്ന തുർക്കിയിലേക്ക് കുവൈത്ത് കൂടുതൽ ദുരിതാശ്വാസ സഹായം അയച്ചു. 80 ടൺ ദുരിതാശ്വാസ, മെഡിക്കൽ, ഭക്ഷ്യ സാധനങ്ങളുമായി രണ്ട് സൈനിക വിമാനങ്ങൾ കൂടി ഇന്നലെ പുറപ്പെട്ടു.
തുർക്കിയിലെ ഭൂകമ്പ ബാധിതരായ ജനങ്ങൾക്ക് മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും എത്തിക്കാനുള്ള അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടികളെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നേരത്തെ തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകരും എട്ട് ടൺ ദുരിതാശ്വാസ സാമഗ്രികളുമായി കുവൈത്ത് വിമാനങ്ങൾ അയച്ചിരുന്നു. സൈന്യം, പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾ, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, ചാരിറ്റികൾ എന്നിവയുടെ സഹകരണത്തിലും ഏകോപനത്തിലുമാണ് ദുരിതാശ്വാസ സഹായം അയച്ചതെന്ന് മന്ത്രാലയം അറിയിച്ചു.