കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കുവൈത്ത്: നിരീക്ഷണം ശക്തമാക്കും
വിലവർധനവ് ,ഗുണമേന്മ എന്നിവയെക്കുറിച്ചുള്ള പരാതി മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പർ വഴിയോ വൈബ്സൈറ്റ് വഴിയോ അറിയിക്കണമെന്നും അധികൃതർ
കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാൻ വാണിജ്യ-വ്യവസായ മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. അമിതവില ഈടാക്കുന്നത് തടയാൻ പൊതുവിപണിയിൽ പരിശോധനയും ശക്തമാക്കും.
വിപണിയിൽ നിയന്ത്രണം കർശനമാക്കാനും ഭക്ഷ്യോത്പന്നങ്ങളുടെ വില വർധിപ്പിക്കരുതെന്നും വാണിജ്യ മന്ത്രി മുഹമ്മദ് അൽ-അയ്ബാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വിലവർധനവ് ,ഗുണമേന്മ എന്നിവയെക്കുറിച്ചുള്ള പരാതി മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പരായ 135-ലോ വൈബ്സൈറ്റ് വഴിയോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ ഭക്ഷ്യോത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ വിതരണക്കാരെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റി മേധാവിക്ക് വാണിജ്യ-വ്യവസായ മന്ത്രാലയം നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു.
ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റി തലവൻ അബ്ദുൾ വഹാബ് അൽ-ഫാരെസ് നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ സഹകരണ സംഘങ്ങളുടെ തലവന്മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
സഹകരണ വിപണികളിലെ വില സ്ഥിരത കൈവരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അൽ-ഫാരെസ് വ്യക്തമാക്കി.