ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രമൊരുക്കാന്‍ കുവൈത്ത്

പദ്ധതി 2025-26 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

Update: 2022-03-27 09:21 GMT
Advertising

പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കായി അന്താരാഷ്ട്ര ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങി കുവൈത്ത്. ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുന്ന പദ്ധതി നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിര്‍മാണം പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും ബൃഹത്തായ പെട്രോളിയം റിസര്‍ച്ച് സെന്റര്‍ ആയിരിക്കും ഇതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഗവേഷണ കേന്ദ്രം അഹമ്മദിയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. എണ്ണ പര്യവേഷണം, ക്രൂഡോയിലുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍, സാങ്കേതിക വിദ്യാ വികസനം എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തുന്നതിനും, സാങ്കേതികമായി രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാനും ഗവേഷണകേന്ദ്രം വഴി സാധിക്കുമെന്നാണ് കെ.പി.സിയുടെ കണക്കു കൂട്ടല്‍. അഹമ്മദി ഗവര്‍ണറേറ്റിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ ആണ് റിസര്‍ച് സെന്റര്‍ സ്ഥാപിക്കുന്നത്.

പദ്ധതിയുടെ ഡി.പി.ആറും ടെണ്ടര്‍ രേഖകളും പൂര്‍ത്തിയായതായി കെ.പി.സി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടര ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ ഉള്ള റിസര്‍ച് സെന്ററില്‍ 28 ടെക്‌നോ ലാബുകളും 300 ഹൈടെക് ഉപകരണങ്ങളും സജ്ജീകരിക്കും. നിര്‍മാണം പൂര്‍ത്തിയായാല്‍ പെട്രോളിയം ഗവേഷണ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമായിരിക്കും ഇത്. 600 ഓളം വിദഗ്ധ ജീവനക്കാരും ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമാകും. ഈ വര്‍ഷം അവസാന പാദത്തില്‍ തന്നെ നിര്‍മാണം ആരംഭിക്കുന്ന പദ്ധതി 2025-26 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കുവൈത്ത് ഓയില്‍ കോര്‍പറേഷന്റെ പ്രതീക്ഷ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News