കുവൈത്തില്‍ കോര്‍പറേറ്റ് നികുതിയിൽ പരിഷ്കരണം; കരട് നിര്‍ദേശം സമര്‍പ്പിച്ച് ധനമന്ത്രാലയം
ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിന്‍റെ മത്സരക്ഷമത വർധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നികുതി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോര്‍പറേറ്റ് നികുതി പരിഷ്കരിക്കുവാന്‍ ഒരുങ്ങി ധനമന്ത്രാലയം. മന്ത്രാലയം കരട് നിര്‍ദേശം സമര്‍പ്പിച്ചു. ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിന്‍റെ മത്സരക്ഷമത വർധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നികുതി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത്.
പരിഷ്കരണത്തിന്‍റെ ഭാഗമായി ബിസിനസ് പ്രോഫിറ്റ് ടാക്സ് ലോ (ബി.പി.ടി) അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. 2025ഓടെ പൂർണമായ രീതിയില്‍ കോര്‍പറേറ്റ് നികുതി നടപ്പിലാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ഇതോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തദ്ദേശീയ സ്ഥാപനങ്ങള്‍ക്കും വിദേശ കോർപറേറ്റ് കമ്പനികള്‍ക്കും ലാഭത്തിന്‍റെ നിശ്ചിത ശതമാനം നികുതി ചുമത്തും.
പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെയുള്ളവര്‍ക്കും നികുതി ബാധകമാകും. എന്നാല്‍, വ്യക്തികളേയും ചെറുകിട സംരംഭങ്ങളേയും നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചനകള്‍. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതി നിരക്കുകളിൽ ഒന്നാണ് കുവൈത്തിലേത്. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് മാത്രമാണ് നികുതി ഈടാക്കുന്നത്. ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 806 മില്യൺ ഡോളർ വാര്‍ഷിക വരുമാനമുള്ള കമ്പനികളാണ് നിർദിഷ്ട ബി.പി.ടിയുടെ കീഴിൽ വരിക.