ഗൾഫ് രാജ്യങ്ങളിലും ഒമിക്രോൺ തരംഗം വൈകാതെ മൂർധന്യാവസ്ഥയിലെത്തുമെന്ന് സൂചന
വാക്സിനെടുക്കാത്തവർക്ക് ഗുരുതരാവസ്ഥക്ക് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്
ഗൾഫ് രാജ്യങ്ങളിലെ ഒമിക്രോൺ തരംഗം അധികം വൈകാതെ മൂർധന്യാവസ്ഥയിലെത്തുമെന്ന് കുവൈത്തിലെ കൊറോണ എമർജൻസി കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല . ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ആനുപാതികമായ വർധനവ് ഉണ്ടാകുമെന്നും വാക്സിനെടുക്കാത്തവർക്ക് ഗുരുതരാവസ്ഥക്ക് സാധ്യത കൂടുതൽ ആണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി .
ട്വിറ്ററിലൂടെയാണ് ഡോ. ഖാലിദ് അൽ ജാറല്ല ഗൾഫ് രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് വൈകാതെ പാരമ്യതയിൽ എത്തുമെന്ന് അഭിപ്രായപ്പെട്ടത്. വാക്സിനെടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമെന്നതിനാൽ വാക്സിനേഷൻ കാമ്പയിൻ ഊർജിതമാക്കിയതായും കൊറോണ സുപ്രീം എമർജൻസി കമ്മിറ്റി മേധാവി പറഞ്ഞു.
അതിനിടെ കുവൈത്തിൽ ഇന്ന് 4517 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . രോഗബാധിതരുടെ ആകെ എണ്ണം ഇതോടെ 39,154 ആയി ഉയർന്നു.കോവിഡ് വാർഡുകളിൽ 254 പേരും തീവ്ര പരിചരണ വിഭാഗത്തിൽ 26 പേരുമാണ് ചികിത്സയിൽ ഉള്ളത്. ഇന്ന് ഒരു മരണവും സ്ഥിരീകരിച്ചു . 1785 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു .