കുവൈത്ത് പാര്‍ലെമെന്‍റ് തെരഞ്ഞെടുപ്പ് ജൂണ്‍ ആദ്യ ആഴ്ച നടക്കും
തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.
കുവൈത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ജൂണ്‍ ആദ്യ ആഴ്ചയില്‍ നടക്കും. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭരണഘടനാ കോടതി വിധിയിലൂടെ പുനഃസഥാപിക്കപ്പെട്ട 2020 ലെ പാര്‍ലമെന്‍റ് പിരിച്ചുവിട്ട ഉത്തരവിലുള്ള ചർച്ചയും, അംഗീകാരം നൽകലും നാളത്തെ കാബിനറ്റ് യോഗത്തിലുണ്ടാകും.
ഈ മാസം 17നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് 2020 ലെ ദേശീയ അസംബ്ലി, ഡപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശാല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ സബാഹ് പിരിച്ചുവിട്ടത്. ഇതോടെ 2020ലെ ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച ഭരണഘടനാ കോടതി വിധി റദ്ദായി.അതിനിടെ, പാര്‍ലമെന്‍റ് സ്പീക്കർ മർസൂഖ് അൽ ഗാനിം ചൊവ്വാഴ്ച, ദേശീയ അസംബ്ലിയുടെ സാധാരണ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അദ്ദേഹം കത്തയച്ചു.
മന്ത്രിമാരുടെ ഭരണഘടനാ സത്യപ്രതിജ്ഞയും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സജീവമായ അസംബ്ലിയുള്ളത് കുവൈത്തിനാണ്. മജ്ലിസ് അൽ-ഉമ്മ എന്ന് അറിയപ്പെടുന്ന ദേശീയ അസംബ്ലിയില്‍ അഞ്ച് മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 അംഗങ്ങളാണ് ഉള്ളത്. നാലുവർഷത്തിൽ ഒരിക്കലാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ മുന്നാം പൊതുതെരഞ്ഞെടുപ്പിനാണ് കുവൈത്തില്‍ കളമൊരുങ്ങുന്നത്.