വിസക്കച്ചവടക്കാരുടെ തട്ടിപ്പിനിരയായവരിൽ ഭൂരിപക്ഷവും മലയാളികൾ: കുവൈത്ത് ഇന്ത്യൻ അംബാസഡർ

എംബസി അഭയകേന്ദ്രത്തിലെ അന്തേവാസികളുടെ എണ്ണത്തിലും ആനുപാതിക വർധന പ്രകടമാണ്

Update: 2022-06-30 20:05 GMT
Editor : afsal137 | By : Web Desk
Advertising

കുവൈത്ത് സിറ്റി: സമീപകാലത്ത് വിസക്കച്ചവടക്കാരുടെ ചതിയിൽ പെട്ടവരിൽ കൂടുതലും മലയാളികളെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഇന്ത്യൻ എംബസി നടത്തിയ ഓപൺ ഹൗസിലാണ് അദ്ദേഹത്തിന്റെ പരാമർശം. നിലവിൽ എംബസി അഭയകേന്ദ്രത്തിൽ കഴിയുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നെത്തിയ ഗാർഹിക ജോലിക്കാരാണെന്നും അംബാസഡർ വ്യക്തമാക്കി.

അടുത്തിടെയായി പരാതികളുമായി എംബസിയിലെത്തുന്ന ഗാർഹിക ജോലിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അഭയകേന്ദ്രത്തിലെ അന്തേവാസികളുടെ എണ്ണത്തിലും ആനുപാതിക വർധന പ്രകടമാണ്. കഴിഞ്ഞ വർഷം 15 നും 20 നും ഇടയിൽ ആയിരുന്ന എണ്ണം ഇപ്പോൾ നൂറ് കവിഞ്ഞിരിക്കുകയാണ്. എൺപതോളം സ്ത്രീകളും ഇരുപതിലേറെ പുരുഷന്മാരുമാണ് ഇപ്പോൾ എംബസി ഷെൽട്ടറിൽ ഉള്ളത്. ഇവരിൽ കൂടുതൽ പേരും മലയാളികളും ഈ വർഷം പുതുതായി കുവൈത്തിൽ എത്തിയവരുമാണെന്നും ഓപ്പൺ ഹൗസിൽ അംബാസഡർ പറഞ്ഞു.

കേസ് നിലവിലില്ലാത്തവരും നാട്ടിൽ പോകാൻ തയാറുള്ളവരുമായവരെ വേഗത്തിൽ നാട്ടിൽ തിരിച്ചയക്കാൻ എംബസി ശ്രമിക്കുന്നുണ്ട്. തൃപ്തികരമായ അന്തരീക്ഷത്തിലാണ് അന്തേവാസികൾ അഭയകേന്ദ്രത്തിൽ കഴിയുന്നത്. എംബസിയുടെ നിരീക്ഷണവും മേൽനോട്ടവും അഭയകേന്ദ്രത്തിന് മേലുണ്ട്. അംബാസഡർ കഴിഞ്ഞ ദിവസം അഭയകേന്ദ്രം സന്ദർശിച്ചിരുന്നു. എല്ലാവരെയും നടപടികൾ പൂർത്തിയാകുന്ന മുറക്ക് നാട്ടിലയക്കുമെന്ന് അദ്ദേഹം അറിയിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ഓപ്പൺ ഹൗസിൽ കുവൈത്തിലെ പ്രവാസി സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുത്തു. കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ വിഭാഗം ഫസ്റ്റ് സെക്രട്ടറി രാഹുൽ ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പുവെച്ച ഗാർഹിക തൊഴിലാളി റിക്രൂട്‌മെന്റ് ധാരണാപത്രത്തെ കുറിച്ച് വിശദീകരിച്ചു. ഹെഡ് ഓഫ് ചാൻസറി ഡോ വിനോദ് ഗെയ്ക് വാദ് എംബസിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രസന്റേഷൻ അവതരിപ്പിച്ചു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News