കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ആയുധങ്ങളും പിടിച്ചെടുത്തു
30 ലക്ഷം ദിനാർ വില വരുന്ന മയക്കുമരുന്നും ആയുധങ്ങളും ആണ് കഴിഞ്ഞ ദിവസം നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്നു കടത്താനുള്ള ശ്രമം അധികൃതർ വിഫലമാക്കി. 30 ലക്ഷം ദിനാർ വില വരുന്ന മയക്കുമരുന്നും ആയുധങ്ങളും ആണ് കഴിഞ്ഞ ദിവസം നാർക്കോട്ടിക് കൺട്രോൾ വിഭാഗം പിടിച്ചെടുത്തത്.
രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ 3 ദശലക്ഷം ദിനാറിന്‍റെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായി സെക്യൂരിറ്റി മിഡിയാ വിഭാഗം അറിയിച്ചു . രഹസ്യ വിവരത്തെ തുടര്‍ന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രാജ്യത്ത് മയക്കു മരുന്ന് വ്യാപകമാക്കാനുള്ള സംഘത്തിന്റെ നീക്കം പൊലീസ് തകർത്തത്.
പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഒരു ടണ്ണിലധികം ലിറിക്ക ഗുളികകളും 18 കിലോ ഷാബു, 2 കിലോ ഹാഷിഷ്,ക്രിസ്റ്റൽ മെത്ത്, 3 കിലോ കഞ്ചാവ്, 2000 ക്യാപ്റ്റഗൺ ഗുളികകൾ, ടൺ കണക്കിന് നിരോധിത മരുന്നുകള്‍ എന്നിവ കണ്ടെടുത്തു സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ യുവാക്കളെയായിരുന്നു ലഹരി സംഘം ലക്ഷ്യം വച്ചിരുന്നത്. 2 കലാഷ്‌നികോവ് തോക്കുകളും 4 പിസ്റ്റളുകളും ലൈസൻസില്ലാത്ത വിവിധ വെടിക്കോപ്പുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റി.അടുത്തകാലത്തായി രാജ്യത്ത് മയക്ക് മരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.