അബ്ബാസിയയിലെ സി.ബി.എസ്.ഇ സ്കൂൾ അടച്ച് പൂട്ടാൻ നീക്കം: പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും
കുവൈത്ത് സിറ്റി: നൂറുകണക്കിന് മലയാളി വിദ്യാർത്ഥികളടക്കം പഠിക്കുന്ന അബ്ബാസിയയിലെ സ്‌കൂളിലെ സി.ബി.എസ്.ഇ സെക്ഷൻ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും. സ്‌കൂൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട മാനേജ്‌മെന്റിന്റെ ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം ചെയർമാൻ രക്ഷിതാക്കൾക്ക് അയച്ചിരുന്നു. 2022-ൽ ആരംഭിച്ച കേംബ്രിഡ്ജ് സ്‌കൂളിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് തീരുമാനം എടുത്തതെന്ന് മാനേജ്‌മെന്റ് വിശദീകരിച്ചു. എന്നാൽ,സി.ബി.എസ്.ഇ വിഭാഗം അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലായിരിക്കുകയാണ്.
ചില വിദ്യാർത്ഥികൾക്ക് സമീപത്തുള്ള അതേ മാനേജ്‌മെന്റിന്റെ സ്‌കൂളിൽ പ്രവേശനം നൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, അതിനുള്ള പ്രായോഗികതയെപ്പറ്റി രക്ഷിതാക്കൾക്ക് സംശയമുണ്ട്. ഒമ്പത് വർഷം മുമ്പാണ് സി.ബി.എസ്.ഇ സ്‌കൂൾ ആരംഭിച്ചത്. ബിസിനസ് ലാഭം മാത്രം ലക്ഷ്യമാക്കിയാണ് സി.ബി.എസ്.ഇ സെക്ഷൻ അടച്ചുപൂട്ടുന്നതെന്ന് ചില രക്ഷിതാക്കൾ ആരോപിച്ചു. തൊട്ടടുത്ത സ്‌കൂളിലേക്ക് ഉടൻ മാറ്റേണ്ടിവരുന്ന വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.
അതേസമയം, സ്‌കൂളിൽ സി. ബി. എസ്.ഇ സെക്ഷനിൽ കുട്ടികൾ കുറവായതും, പുതിയ വിദ്യാർത്ഥികൾ അന്തർദേശീയ കരിക്കുലം തിരഞ്ഞെടുക്കുന്നതും ഈ തീരുമാനത്തിന് കാരണമായതായി മാനേജ്‌മെന്റ് അറിയിച്ചതായി ചില രക്ഷിതാക്കൾ പറഞ്ഞു. അതിനിടെ ആശങ്കകൾ പരിഹരിക്കുന്നതിനായി രക്ഷിതാക്കൾ കൂടുതൽ നടപടികൾ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.