കുവൈത്തിലെ മഹ്ബൂലയിൽ പ്രവാസിയുടെ പഴ്സ് തട്ടിപ്പറിച്ചു
രേഖകൾ പരിശോധിക്കാനെന്ന വ്യാജേനെയായിരുന്നു മോഷണം
കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയിൽ പ്രവാസിയുടെ പഴ്സ് തട്ടിപ്പറിച്ചു. ഒരു വാഹനത്തിൽ അറബ് വേഷത്തിലെത്തിയ പ്രതി രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും പ്രവാസി പഴ്സെടുത്തപ്പോൾ തട്ടിപ്പറിച്ച് കടന്നുകളയുകയുമായിരുന്നു. മഹ്ബൂല പൊലീസ് സ്റ്റേഷനിൽ പ്രവാസി പരാതി നൽകിയതിനെത്തുടർന്ന് അധികൃതർ കവർച്ച കേസ് അന്വേഷിച്ചുവരികയാണ്.
മഹ്ബൂലയിലെ ഒരു തുറസ്സായ സ്ഥലത്താണ് സംഭവം നടന്നതെന്ന് ഇരയുടെ മൊഴിയിൽ പറയുന്നു. പ്രദേശത്തിലൂടെ പ്രവാസി നടക്കുമ്പോഴാണ് സംഭവം നടന്നത്. പരമ്പരാഗത അറബ് വസ്ത്രം ധരിച്ച ഡ്രൈവർ വാഹനം നിർത്തി തിരിച്ചറിയൽ രേഖകൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് മോഷണം നടന്നതെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
പ്രവാസിയുടെ പഴ്സിൽ ഔദ്യോഗിക രേഖകളോടൊപ്പം പണവും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. താമസക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.