ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഒരു മാസം മുന്‍പ് അപേക്ഷ നല്‍കണം; കുവൈത്ത് ആഭ്യന്തരവകുപ്പ്
മതിയായ രേഖകള്‍ സഹിതം നല്‍കുന്ന അപേക്ഷകള്‍ മാത്രമാണ് ഇനി മുതല്‍ പരിഗണിക്കുക
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍, കാലാവധി കഴിയുന്നതിനു ഒരു മാസം മുന്‍പ് അപേക്ഷ നല്‍കണമെന്ന് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. മതിയായ രേഖകള്‍ സഹിതം നല്‍കുന്ന അപേക്ഷകള്‍ മാത്രമാണ് ഇനി മുതല്‍ പരിഗണിക്കുക.
ആഭ്യന്തര മന്ത്രി ശൈഖ് താമര്‍ അല്‍ അലി അസ്വബാഹ് ആണ് ട്രാഫിക് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇതനുസരിച്ച് ലൈസന്‍സ് പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം തയാറാക്കിയ പ്രത്യേക ഫോറത്തില്‍ അപേക്ഷ നല്‍കണം. കാലാവധി കഴിയുന്നതിനു ഒരു മാസം മുന്‍പ് അല്ലെങ്കില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ടമെന്റ് നിശ്ചയിക്കുന്ന മറ്റേതെങ്കിലും തിയ്യതിക്കുള്ളില്‍ അപേക്ഷിക്കണം.
അപേക്ഷയോടൊപ്പം സിവില്‍ ഐഡി കോപ്പി, നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചതിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. വിദേശികള്‍ താമസസ്ഥലം തെളിയിക്കുന്ന രേഖ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിച്ച് നിശ്ചിത ഫീസ് അടച്ച് ലൈസന്‍സ് പുതുക്കാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.