വിദേശത്ത് നിന്നും വാക്സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ കുവൈത്തില്‍ പുതിയ സമിതി
വാക്സിൻ സർട്ടിഫിക്കറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ചാൽ മാത്രമാണ് ഇമ്മ്യൂൺ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിക്കുക
വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച പൗരന്മാരുടെയും പ്രവാസികളുടെയും സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം സാങ്കേതിക സമിതി രൂപീകരിച്ചു. വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് അംഗീകാരം നൽകുകയാണ് സമിതിയുടെ ചുമതല.
വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർ ആരോഗ്യമന്ത്രലയത്തിന്‍റെ പ്രത്യേക വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ അപ്ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ ആധികാരികമാണോ എന്നു പരിശോധിച്ചു മൂന്നു ദിവസത്തിനകം സമിതി അംഗീകാരം നൽകും. സർട്ടിഫിക്കറ്റിന്‍റെ ഉടമകയെ ഇക്കാര്യം ഇമെയിൽ വഴി അറിയിക്കുകയും ചെയ്യും.
വാക്സിൻ സർട്ടിഫിക്കറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ചാൽ മാത്രമാണ് ഇമ്മ്യൂൺ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിക്കുക. അതിനിടെ ആഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ വിമാനത്താവളത്തിലും മറ്റും ആരംഭിച്ചതായാണ് വിവരം. സാധുവായ ഇഖാമ ഉള്ളവരും വാക്സിൻ കോഴ്സ് പൂർത്തിയാക്കായവരുമായ എല്ലാ വിദേശികൾക്കും പ്രവേശനം അനുവദിക്കും എന്ന് ഡിജിസിഎ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ യൂയൂസഫ് അൽ ഫൗസാൻ സൂചന നൽകി.