കുവൈത്ത് മന്ത്രിസഭയിൽ പുനഃസംഘടന; രണ്ട് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
സയ്യിദ് ജലാൽ സയ്യിദ് അബ്ദുൽ മൊഹ്സെൻ അൽ-തബ്താബായ് വിദ്യാഭ്യാസ മന്ത്രിയും താരേക് അൽ-റൂമി എണ്ണ മന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സയ്യിദ് ജലാൽ സയ്യിദ് അബ്ദുൽ മൊഹ്സെൻ അൽ-തബ്തബായ് വിദ്യാഭ്യാസ മന്ത്രിയും താരിഖ് സുലൈമാൻ അഹമ്മദ് അൽ-റൂമിയെ എണ്ണ മന്ത്രിയുമായാണ് അധികാരമേറ്റത്. ഇത് സംബന്ധമായ ഉത്തരവ് കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് പുറത്തിറക്കി.
ചൊവ്വാഴ്ച്ച ബയാൻ പാലസിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ അമീറിന് മുമ്പാകെയാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പാലസിലെത്തിയ അമീറിനെയും കിരീടാവകാശിയെയും പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അൽ-അബ്ദുല്ല സ്വീകരിച്ചു. സ്വീകരണ വേളയിൽ ശൈഖ് അഹ്‌മദ് അൽ-അബ്ദുല്ല പുതുതായി നിയമനമേറ്റ മന്ത്രിമാരെ അമീറിന് പരിചയപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിൽ രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.