വ്യാജ സഹ്ൽ ആപ്പ് ലിങ്കുകളും വെബ്സൈറ്റുകളും സൂക്ഷിക്കുക: സഹ്ൽ ആപ്പ് വക്താവ്
സഹ്ൽ ആപ്പ് ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ മാത്രം ലഭ്യം
കുവൈത്ത് സിറ്റി: സഹ്ൽ ആപ്പിനെ പ്രതിനിധീകരിക്കുന്നു എന്ന് വ്യാജമായി അവകാശപ്പെടുന്ന അനധികൃത ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്തികളോടും പ്രവാസികളോടും ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷനായ സഹ്ൽ ആപ്പ് വക്താവ് യൂസുഫ് കാസിം അഭ്യർത്ഥിച്ചു. സംശയാസ്പദമായ വെബ്സൈറ്റുകളും സഹ്ൽ ആപ്ലിക്കേഷനായെന്ന മട്ടിലുള്ള വ്യാജ ലിങ്കുകളും ഉപയോഗിക്കരുതെന്നും കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ കാസിം ഓർമിപ്പിച്ചു.
ചില വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇത്തരം ലിങ്കുകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് ഉപയോക്താക്കൾ ഔദ്യോഗിക സ്രോതസ്സുകളിലൂടെ വിവരങ്ങൾ പരിശോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്മാർട്ട്ഫോണുകൾക്കായുള്ള ആപ്പ് സ്റ്റോറുകൾ വഴി മാത്രമേ സഹ്ൽ ആപ്ലിക്കേഷൻ ലഭ്യമാകൂവെന്നും ഏതെങ്കിലും ബാഹ്യ ലിങ്കുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ ലഭ്യമല്ലെന്നും കാസിം വ്യക്തമാക്കി. സുരക്ഷിത ആശയവിനിമയത്തിനായി ആപ്പിന്റെ ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു. ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ സഹ്ൽ ആപ്പും വ്യാജ ലിങ്കുകളെ കുറിച്ചും വെബ്‌സൈറ്റുകളെ കുറിച്ചും മുന്നറിയിപ്പ് നൽകി.