ഗസ്സയിലെ സ്ത്രീകൾക്കെതിരെ അപകീർത്തി പരാമർശം; കുവൈത്തിൽ മാധ്യമ പ്രവർത്തകനെതിരെ പരാതി
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ചില അഭിഭാഷകരാണ് പരാതി നൽകിയത്
കുവൈത്ത് സിറ്റി: ഗസ്സയിലെ സ്ത്രീകളെ അപമാനിച്ചെന്ന് ആരോപിച്ച് ഒരു മാധ്യമ പ്രവർത്തകനെതിരെ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനിൽ പരാതി. സോഷ്യൽ മീഡിയയിൽ ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയിലെ പരാമർശത്തിനെതിരെ ചില അഭിഭാഷകരാണ് പരാതി നൽകിയത്. അറബ് ടൈംസ് ഓൺലൈനാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
'ഫലസ്തീൻ സ്ത്രീകളെ പരസ്യമായി അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിനും അവരുടെ ബഹുമാനവും അന്തസ്സും തകർക്കുന്നതിനെതിരായും എംഎൻ എന്നറിയപ്പെടുന്ന വ്യക്തിക്കെതിരെ ഞാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് പരാതി നൽകിയിട്ടുണ്ട്. കുവൈത്തിലെ ഫലസ്തീൻ സമൂഹത്തിലെ ആദരണീയനായ ഒരു അംഗത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ഞാൻ പരാതി ഫയൽ ചെയ്തത്' അഭിഭാഷകനായ അൽ കന്ദരി തന്റെ എക്സ് അക്കൗണ്ടിൽ പറഞ്ഞു.
ഗസ്സയിലെ സ്ത്രീകളെ അപമാനിക്കുന്ന, ധാർമികമായും സാമൂഹികമായും നിയമപരമായും അസ്വീകാര്യമായ അഭിപ്രായങ്ങളാണ് മാധ്യമപ്രവർത്തകൻ നടത്തിയതെന്ന് കാണിച്ച് അഭിഭാഷകനായ അഹമ്മദ് അൽ ഹമ്മദിയും ഇതേ മാധ്യമ പ്രവർത്തകനെതിരെ പബ്ലിക് പ്രോസിക്യൂട്ടർക്ക് പരാതി നൽകി. ഇസ്രായേൽ സേനയുടെ കുറ്റകൃത്യങ്ങൾക്കെതിരെ ഗസ്സയിലെ സ്ത്രീകൾ ഉറച്ചുനിൽക്കുന്ന സമയത്ത്, ഗസ്സയിലെ ജനങ്ങളുടെ ശ്രദ്ധേയമായ പ്രതിരോധത്തിന് കുവൈത്ത് ഭരണകൂടത്തിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും, അവിടുത്തെ നമ്മുടെ സഹോദരിമാരുടെ അന്തസ്സിനെ ആക്രമിക്കാൻ ഒരാൾ രംഗത്ത് വന്നിരിക്കുന്നു' അദ്ദേഹം പറഞ്ഞു.