കുവൈത്തിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് വാണിജ്യ സ്ഥാപനങ്ങളിൽ ഏർപ്പടുത്തിയ വിലക്ക് പ്രാബല്യത്തില്‍
കോഫി ഷോപ്പ്, ഹെൽത്ത് ക്ലബ്, സലൂൺ, 6000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള വാണിജ്യ സമുച്ചയം എന്നിവക്കാണ് പ്രവേശന നിയന്ത്രണം.
കുവൈത്തിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് വാണിജ്യ സ്ഥാപനങ്ങളിൽ ഏർപ്പടുത്തിയ വിലക്ക് പ്രാബല്യത്തിലായി. കുവൈത്ത് മൊബൈൽ ഐഡിയോ ആരോഗ്യമന്ത്രാലയത്തിന്റെ ഇമ്മ്യൂൺ ആപ്പ് പരിശോധിച്ചാണ് ആളുകളെ ഷോപ്പിംഗ് മാളുകളിലേക്ക് കടത്തി വിടുന്നത്.
ഉത്തരവ് ലംഘിച്ചാൽ സ്ഥാപനങ്ങളിൽ നിന്ന് 5000 ദിനാർ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മന്ത്രിസഭാ തീരുമാനം നടപ്പാക്കാൻ ആഭ്യന്തരമന്ത്രാലയം, മുനിസിപ്പാലിറ്റി , മാൻപവർ അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ രംഗത്തുണ്ട് . രാജ്യത്തെ പ്രധാനപെട്ട പത്തു മാളുകളിൽ 30 പൊലീസുകാരെ വീതമാണ് സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. 200 പേരെ ചെറിയ വാണിജ്യ സമുച്ചയങ്ങളിളിലും മറ്റുമായി പട്രോളിംഗിനായും നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രലയം അണ്ടർ സെക്രട്ടറി ഫറാജ്ദ് അൽ സൗബി അവന്യൂസ് മാളിൽ സന്ദർശനം നടത്തി ഉദ്യോഗ്സഥർക്ക് നിർദേശങ്ങൾ നല്കി.സലൂണുകളിലും ഹെൽത്ത് ക്ലബുകളിലും റസ്റ്റോറൻറുകളിലും മുനിസിപ്പാലിറ്റിയും നേതൃത്വത്തിലാണ് പരിശാധന.
നിയന്ത്രണത്തിന്‍റെ ഭാഗമായി 360 മാളിലെ 20 ഗേറ്റുകളിൽ ഏഴെണ്ണം അടച്ചു അവന്യൂസ് മാളിലെ 40 ഗേറ്റുകളിൽ 17 എണ്ണം മാത്രമാണ് തുറന്നത് . കോഫീ ഷോപ്പ് , ഹെൽത്ത് ക്ലബ്ബ്, സലൂൺ, 6000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള വാണിജ്യ സമുച്ചയം എന്നിവക്കാണ് പ്രവേശന നിയന്ത്രണം. ഇത്തരം സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിക്കാത്തവർ പ്രവേശിക്കുകയും അത് പിടിക്കപ്പെടുകയും ചെയ്താൽ, ഉപഭോക്താവ് നിയന്ത്രണം ലംഘിച്ചാണ് പ്രവേശനം നടത്തിയതെന്ന് സ്ഥാപന മാനേജ്മെന്‍റിന് തെളിയിക്കാൻ ആയില്ലെങ്കിൽ 5000 ദിനാർ ആണ് പിഴ. ജംഇയകൾ 6,000 ചതുരശ്ര മീറ്ററിൽ താഴെയുള്ള സൂപ്പർമാർക്കറ്റുകൾ , പഴം പച്ചക്കറി ചന്തകൾ എന്നിവടങ്ങളിൽ നിയന്ത്രണം ബാധകമല്ല . അതിനിടെ മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിലായ ആദ്യദിനം റസ്റ്റോറന്‍റുകളിലും കഫെകളിലും ഉപഭോക്താക്കളുടെ വൻ കുറവുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു