ഇനി ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല; കോളർ ഐഡന്റിഫിക്കേഷൻ സംവിധാനവുമായി കുവൈത്ത്
പാർലിമെന്റ് അംഗം ഖാലിദ് അൽ ഒതൈബിയാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം മുന്നോട്ട് വെച്ചത്
ഇനി ഒരാൾക്കും ആളറിയാതെ കോൾ ചെയ്യാനാകില്ല. കുവൈത്തിൽ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വികസിപ്പിക്കാൻ നിർദ്ദേശവുമായി പാർലിമെന്റ് അംഗം ഖാലിദ് അൽ ഒതൈബി. ഇൻകമിംഗ് കോൾ ലഭിക്കുന്നയാളുടെ കോൺടാക്റ്റിൽ പേരില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് സ്‌ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്. സ്പാം കോളുകൾ, ഫ്രോഡ് കോളുകൾ എന്നിവ തടയാനാണ് ഈ സംവിധാനം.
ഇത് സംബന്ധമായ നിർദ്ദേശം ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് നൽകണമെന്ന് ഖാലിദ് അൽ ഒതൈബി ആവശ്യപ്പെട്ടു. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ നൽകുന്ന സിം കാർഡുകൾ വഴിയുള്ള തട്ടിപ്പ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി അന്വേഷിക്കണം. നിർദ്ദേശം അംഗീകരിച്ച് മൂന്ന് മാസത്തിനകം ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് 'സിട്ര' മന്ത്രിക്ക് സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ട്രൂകോളർ പോലുള്ള ആപ്പുകൾ വഴി കോളർ ഐഡന്റിഫിക്കേഷൻ ലഭ്യമായിരുന്നു. എന്നാൽ ഉപഭോക്താവിന്റെ പേര് പ്രദർശിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് കാരണമാകുമെന്ന് കണ്ടതിനെ തുടർന്ന് ആപ്പിൻറെ പ്രവർത്തനം കുവൈത്തിൽ നിർത്തിയിരുന്നു. ക്രൗഡ്-സോഴ്‌സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ട്രൂകോളർ പ്രവർത്തിക്കുന്നത്. എന്നാൽ കെ.വൈ.സി പ്രകാരമുള്ള കോളർ ഐഡിയാണ് ഖാലിദ് അൽ ഒതൈബി നിർദ്ദേശിക്കുന്നത്.