കുവൈത്തിൽ ഫിലിപ്പിനോ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു
ഗാർഹിക തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പിനോ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. അടുത്ത രണ്ട് മാസത്തിനുള്ളിൽ 160 ലേറെ ഫിലിപ്പിനോ നഴ്സുമാർ കുവൈത്തിലെത്തും. ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഫിലിപ്പീൻസിൽ നിന്ന് റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ ഇന്നെത്തുന്നുണ്ട്. സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിനായാണ് 150 നഴ്‌സുമാരുടെ അപേക്ഷകൾക്ക് ഫിലിപ്പീൻസ് എംബസി അംഗീകാരം നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാർഹിക തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ ചർച്ചകളിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. അതിനിടെ ഫിലിപ്പിനോ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ആരംഭിച്ചതായി കുവൈത്ത് യൂണിയൻ ഓഫ് ഡൊമസ്റ്റിക് ലേബർ ഓഫീസ് വ്യക്തമാക്കി.
അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകൾ വഴി മാത്രമായിരിക്കും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുവാനുള്ള അനുമതി നൽകുക. നിലവിൽ ഗാർഹിക മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഫിലിപ്പീൻസിൽനിന്ന് കൂടുതൽ തൊഴിലാളികൾ എത്തുന്നതോടെ തൊഴിലാളി ക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.