ആറുമാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ ഇഖാമ സ്വമേധയാ അസാധുവാകും; കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കോവിഡ് പശ്ചാത്തലത്തില്‍ നല്‍കിയിരുന്ന പ്രത്യേക ഇളവ് ഡിസംബര്‍ ഒന്ന് മുതല്‍ എടുത്തു മാറ്റിയതായി അധികൃതര്‍ അറിയിച്ചു

Update: 2021-12-19 06:21 GMT
Advertising

കുവൈത്ത് സിറ്റി: ഗാര്‍ഹികത്തൊഴിലാളികള്‍ ആറുമാസത്തിലധികം കുവൈത്തിന് പുറത്തായാല്‍ ഇഖാമ സ്വമേധയാ അസാധുവാകുമെന്ന് കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വിഭാഗം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യാത്രാനിയന്ത്രണങ്ങള്‍ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ് നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചത്. 2021 ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ആറുമാസത്തിലേറെ കുവൈത്തിന് പുറത്തായാല്‍ ഇഖാമ അസാധുവാകുന്ന സംവിധാനം പുനഃസ്ഥാപിച്ചത്.

കോവിഡിന് മുന്‍പ് രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് ഗഹിക ജോലിക്കാര്‍ക്ക് മാത്രമായി പുനഃസ്ഥാപിച്ചിരിക്കുന്നത്. അതേസമയം, ഗാര്‍ഹികജോലിക്കാര്‍ ആറുമാസത്തിലേറെ കാലം കുവൈത്തിന് പുറത്തു കഴിയേണ്ട അനിവാര്യ സന്ദര്‍ഭങ്ങളില്‍ സ്‌പോണ്‍സര്‍മാര്‍ പ്രത്യേക അപേക്ഷ നല്‍കണമെന്നും ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് ഇതില്‍ തീരുമാനമെടുക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനായുള്ള പേക്ഷ തൊഴിലാളി കുവൈത്ത് വിട്ടു ആറുമാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ നല്‍കണം.

അതേസമയം, മറ്റു വിസ കാറ്റഗറികളില്‍ ഉള്ളവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ സാധുവായ ഇഖാമ ഉള്ളിടത്തോളം കാലം കുവൈത്തിലേക്ക് വരാന്‍ കഴിയും. ഇക്കൂട്ടരെയും വൈകാതെ തന്നെ ആറുമാസ നിബന്ധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നാന്നാണ് സൂചന. തൊഴിലാളി വിദേശത്തായിരിക്കെ തന്നെ ഓണ്‍ലൈനായി ഇഖാമ പുതുക്കാവുന്ന സംവിധാനം മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News