കുവൈത്തിലുടനീളം റെസിഡൻഷ്യൽ വിലാസ സർവേ നടത്താൻ 'പാസി'ക്ക് നിർദേശം
ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹാണ് നിർദേശം നൽകിയത്
കുവൈത്ത് സിറ്റി:കുവൈത്തിലുടനീളം റെസിഡൻഷ്യൽ വിലാസം പരിശോധിച്ചുറപ്പിക്കൽ സർവേ നടത്താൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)ക്ക് നിർദേശം. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹാണ് നിർദേശം നൽകിയത്. വ്യക്തികൾ തങ്ങൾ താമസിക്കാത്ത റെസിഡൻഷ്യൽ ഏരിയകളിലെ വിലാസങ്ങളിൽ പേര് രജിസ്റ്റർ ചെയ്തത് തിരിച്ചറിയാനാണ് സർവേ. നിരവധി പൗരന്മാരും പ്രവാസികളും ഈ കാര്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്രവണത മൂലം ചില സന്ദർഭങ്ങളിൽ, നിയമലംഘകനെയോ കുറ്റവാളിയെയോ പിടികൂടാൻ ശ്രമിക്കുന്ന നിയമപാലകർ ആ വ്യക്തി അവിടെ താമസിക്കുന്നില്ലെന്നാണ് കണ്ടെത്തുന്നത്.
അതേസമയം, പി.എ.സി.ഐ അടുത്തിടെ ആയിരക്കണക്കിന് വിലാസങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. താമസിക്കാത്ത വിലാസങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ് റദ്ദാക്കിയത്. നിരവധി വീട്ടുടമകളും ഇക്കാര്യത്തിൽ പരാതി പറഞ്ഞിരുന്നു. തങ്ങളുടെ വിലാസത്തിൽ പലരും രജിസ്റ്റർ ചെയ്‌തെന്നായിരുന്നു പരാതി. ഈ വീടുകളുടെയും താമസ കെട്ടിടങ്ങളുടെയും ഉടമകളെ വിളിച്ചുവരുത്തി സാക്ഷ്യപത്രം നൽകാൻ പാസി ഉദ്ദേശിക്കുന്നുണ്ട്. അതിനുശേഷം ബന്ധപ്പെട്ട വ്യക്തികൾക്ക് പാസി സന്ദർശിക്കാനും അവരുടെ വിലാസ വിവരം ശരിയാക്കാനോ പുതിയവ നൽകാനോ ഉള്ള അറിയിപ്പുകൾ സഹൽ ആപ്ലിക്കേഷൻ വഴി നൽകും. നോട്ടിഫിക്കേഷൻ ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ പ്രതിമാസം 20 കുവൈത്ത് ദിനാർ വീതം പിഴ ഈടാക്കും.