കുവൈത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആഗസ്റ്റിൽ ആരംഭിക്കും
റോഡ് നിർമാണ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നല്‍കുന്നത്.
കുവെെത്ത് സിറ്റി: കുവൈത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആഗസ്റ്റില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റോഡ് നിർമാണ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നല്‍കുന്നത്. നിർമാണ പ്രവർത്തികളുടെ സുതാര്യത ഉറപ്പാക്കാൻ ലാബിന്റെ പ്രവർത്തനം വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡ് നിർമാണ ജോലികളുടെ ഗുണനിലവാരം, നേരിട്ടെത്തി സാമ്പിളെടുത്ത് പരിശോധിക്കുന്നതിന് സൗകര്യമുള്ള ആധുനിക ടെസ്റ്റിങ് ലാബുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായി അധികൃതര്‍ പറഞ്ഞു. അസ്ഫാൽറ്റ് പാളികൾ, ബിറ്റുമിൻ കണ്ടന്റ്, റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മിശ്രിതങ്ങൾ തുടങ്ങിയവയാണ് പരിശോധിക്കുക.
ന്യൂട്രൽ ലബോറട്ടറികളുടെ ഗുണനിലവാര പരിശോധന ഫലങ്ങൾ പൊതുമരാമത്ത് വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയായിരിക്കും പുറത്ത് വിടുക. അപ്‌ലോഡ് ചെയ്ത ടെസ്റ്റ് ഫലങ്ങള്‍ പ്രോജക്ട് ഉദ്യോഗസ്ഥർ, സൂപ്പർവൈസർമാർ, കരാറുകാർ എന്നീവര്‍ക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പ്രവൃത്തി നടത്തുമ്പോൾത്തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തി തുടർ നടപടികൾ സ്വീകരിക്കാന്‍ കഴിയും.
ഗവൺമെന്റ് സെന്റർ ഫോർ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി കൺട്രോൾ രണ്ട് ലബോറട്ടറികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. മൂന്നാമത്തെ ലബോറട്ടറിയുടെ അക്രഡിറ്റേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ നിയമങ്ങള്‍ ലംഘിക്കുന്ന ലബോറട്ടറികളുടെ അംഗീകാരം ഉടന്‍ റദ്ദാക്കുമെന്നും സ്ഥാപങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.