സ്ക്കൂളുകള്‍ തുറന്നതോടെ കുവൈത്ത് വീണ്ടും ഗതാഗതക്കുരുക്കിലേക്ക്; മാതാപിതാക്കളോട് നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങാൻ അഭ്യര്‍ത്ഥിച്ച് അധികൃതര്‍

റോഡ് ഉപയോക്താക്കൾ ക്ഷമയോടെയിരിക്കാനും ട്രാഫിക് നിയമങ്ങൾ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം

Update: 2022-09-25 13:07 GMT
Editor : Lissy P | By : Web Desk
Advertising

കുവൈത്ത് സിറ്റി:  പൊതുവിദ്യാലയങ്ങളിലും സർവകലാശാലകളിലും അധ്യയന വർഷം ആരംഭിച്ചതോടെ രാജ്യത്തെ മിക്ക റോഡുകളും നിശ്ചലമായി. സര്‍ക്കാര്‍ സ്കൂളുകളിലെ കിന്റർഗാർട്ടൻ, എലിമെന്ററി ക്ലാസുകളാണ് ഇന്ന് ആരംഭിച്ചത്. ഏകദേശം രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സ്കൂളിലെത്തിയത്. കുവൈത്ത് സർവകലാശാലയിൽ 42,136 വിദ്യാർഥികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വീകരിച്ചു.

പ്രധാനപ്പെട്ട റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു നിരത്തുകളില്‍ ദൃശ്യമായത്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ അധ്യയന വർഷത്തിലേക്ക് സന്തോഷത്തോടെയാണ് വിദ്യാർഥികൾ എത്തിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് റോഡ് ഉപയോക്താക്കൾ ക്ഷമയോടെയിരിക്കാനും ട്രാഫിക് നിയമങ്ങൾ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. രാജ്യത്തെ പ്രാധാന റോഡുകളിലും സ്കൂളുകളുടെയും സർവ്വകലാശാലകളുടെയും പരിസരങ്ങളിലും പട്രോളിംഗിനായി ട്രാഫിക് പൊലീസിനെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹിദ് അബ്ദുല്ല അൽ കന്ദരി അറിയിച്ചു.

കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന രക്ഷിതാക്കള്‍ നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങണമെന്നും ഗതാഗതക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ ബദൽ മാർഗങ്ങൾ കണ്ടെത്താൻ ജിപിഎസ് ഉപയോഗിക്കണമെന്നും മേജർ ജനറൽ അൽ കന്ദരി പറഞ്ഞു. സ്‌കൂളിന് സമീപത്തുള്ള റോഡുകളില്‍ വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News