കുവൈത്തിൽ നിന്നും നാട്ടിൽപോയി തിരിച്ചുവരാൻ കഴിയാത്തവർക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനുള്ള അവസരം തുടരും

ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാൽ ഇഖാമ റദ്ദാക്കപ്പെടുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്

Update: 2021-06-21 17:27 GMT
Editor : Roshin | By : Web Desk
Advertising

കുവൈത്തിൽ നിന്നും നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്തവർക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനുള്ള അവസരം തുടരുന്നതായി താമസകാര്യ വകുപ്പ് അറിയിച്ചു. പാസ്സ്‌പോർട്ടിൽ ചുരുങ്ങിയത് ഒരു വർഷം കാലാവധിയുണ്ടെങ്കിൽ എല്ലാ കാറ്റഗറികളിലും പെട്ട ഇഖാമകൾ ഇത്തരത്തിൽ പുതുക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

ആറുമാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ള വിദേശികളുടെ താമസരേഖ റദ്ദാകുമെന്നു സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. സർക്കാർ സ്വകാര്യ മേഖലയിലെ ജീവനക്കാർ, ഗാർഹികജോലിക്കാർ, ആശ്രിത വിസക്കാർ തുടങ്ങി എല്ലാത്തരം റെസിഡൻസി കാറ്റഗറികളും ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി പുതുക്കാൻ സാധിക്കും. സ്പോൺസറോ കമ്പനി പ്രതിനിധിയോ ആണ് ഇത് ചെയ്യേണ്ടത്. ഓൺലൈൻ ഇഖാമ പുതുക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.

ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാൽ ഇഖാമ റദ്ദാക്കപ്പെടുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. സാധുവായ ഇഖാമ ഉള്ളിടത്തോളം കാലം പ്രവാസികൾക്ക് കുവൈത്തിലേക്ക് വരാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള അവസരം ആയിരക്കണക്കിന് പ്രവാസികൾക്കാണ് അനുഗ്രഹമായത്. അതേസമയം, കമ്പനിയുടെ രേഖകൾ മറ്റു കാരണങ്ങളാൽ മരവിപ്പിക്കപ്പെട്ടതിന്‍റെ പേരിലോ ഓൺലൈൻ വഴി ഇഖാമ പുതുക്കാൻ കമ്പനി അധികൃതർ ശ്രമിക്കാത്തത് മൂലമോ നിരവധി പേർക്കാണ് ഇഖാമ നഷ്ടമായത്. രണ്ടുലക്ഷത്തിലധികം പേരുടെ ഇഖാമ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം റദ്ദായതായാണ് കണക്കുകൾ.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News